ഒട്ടാവ: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ. കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ അവരുടെ 42 കുടുംബാംഗങ്ങളും കാനഡിയയിലേക്ക് മടങ്ങും. ഇന്ത്യയില്‍ ഇനി അവശേഷിക്കുന്നത് 21 നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണെന്നും മെലാനി ജോളി പറഞ്ഞു.
നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണ്. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ചണ്ഡീഗഡ്, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താല്‍കാലികമായി നിര്‍ത്തി വെക്കേണ്ടിവരും. കോണ്‍സുലേറ്റിന്റെ സഹായം ആവശ്യമുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് ഡല്‍ഹിയിലെ ഹൈക്കമീഷനുമായി നേരിട്ടോ ഫോണ്‍, ഇമെയില്‍ വഴിയോ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അതേസമയം, കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി.