വാഷിങ്ടൺ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച കാനഡ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇവ പൂർണമായി അന്വേഷിക്കേണ്ടതുണ്ടെന്നും യുഎസ് വൈറ്റ് ഹൗസ്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും നടത്തിയ കൂടിക്കാഴ്ചയിൽ കാനഡയുടെ അവകാശവാദങ്ങൾ ചർച്ച ചെയ്തതായി വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“പ്രശ്നം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും അവരുടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സംസാരിക്കേണ്ടതാണ്,” ഒരു ചോദ്യത്തിന് മറുപടിയായി കിർബി പറഞ്ഞു.
“ഞങ്ങൾക്ക് വ്യക്തമായിരുന്നു, ഈ ആരോപണങ്ങൾ ഗൗരവമുള്ളതാണ്, അവ പൂർണ്ണമായി അന്വേഷിക്കേണ്ടതുണ്ട്. മുമ്പ് പറഞ്ഞതുപോലെ, ആ അന്വേഷണത്തിൽ സജീവമായി സഹകരിക്കാൻ ഞങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു,” കിർബി പറഞ്ഞു.
കാനഡയുടെ അന്വേഷണം പുരോഗമിക്കുന്നതും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും നിർണായകമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പ്രത്യേക വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞങ്ങൾ മുമ്പ് പരസ്യമായും സ്വകാര്യമായും പറഞ്ഞതുപോലെ, കനേഡിയൻ അന്വേഷണങ്ങളോട് സഹകരിക്കാനും ആ ശ്രമങ്ങളിൽ ഭാഗമാകാനും ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.