വിദ്യാർഥികൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിക്കാനോ ചരട് ധരിക്കുന്നത് വിലക്കാനോ പാടില്ല: മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിച്ച മധ്യപ്രദേശിലെ സ്കൂൾ അധികൃതർക്ക് ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വകുപ്പുകൾ പ്രകാരം ദാമോഹിലെ ഗംഗാ ജമുന ഹയർ സെക്കൻഡറി സ്കൂളിലെ 11 അംഗങ്ങൾക്കെതിരെ മെയ് 31 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

10, 12 ക്ലാസുകളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച കുട്ടികളുടെ ചിത്രം ഉൾപ്പെടുന്ന പോസ്റ്ററുകൾ സ്കൂൾ പുറത്ത് ഇറക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. എല്ലാ പെൺകുട്ടികളും ശിരോവസ്ത്രം ധരിച്ച് കൊണ്ടുള്ള ചിത്രമാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ പോസ്റ്ററിൽ ഉള്ള അഞ്ച് പെൺകുട്ടികൾ മുസ്ലിം മതത്തിൽ പെട്ടവർ അല്ലായിരുന്നു. ഇവരുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.

കമ്മറ്റി അംഗങ്ങളായ അസ്ഫ ഷെയ്ഖ്, അനസ് അത്തർ, റുസ്തം അലി എന്നിവരെ 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജസ്റ്റിസ് ദിനേശ് കുമാർ പലിവാൾ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിട്ടയച്ചു.

വിദ്യാർഥികൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിക്കാനോ കയ്യിൽ ചരട് ധരിക്കുന്നത് വിലക്കാനോ സ്കൂൾ മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. കേസിലെ പ്രതികൾക്കാണ് കുറ്റകൃത്യം വീണ്ടും ആവർത്തിക്കരുത് എന്ന മുന്നറിയിപ്പൊടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്കൂളിലോ ക്ലാസ് മുറികളിലോ ഹിന്ദു, ജൈന മതത്തിൽപ്പെട്ട പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി ജാമ്യ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

കുട്ടികൾ മതാചാരങ്ങളുടെ ഭാഗമായി കയ്യിൽ ചരട് കെട്ടുന്നതോ നെറ്റിയിൽ തിലകം ചാർത്തുന്നതോ വിലക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മധ്യപ്രദേശ് വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ വായിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ ഖുർആൻ വായിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുന്നു എന്ന ആരോപണവും ചില വിദ്യാർഥികൾ ഉന്നയിച്ചിരുന്നു.

More Stories from this section

family-dental
witywide