ന്യൂഡല്‍ഹി: 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഗര്‍ഭച്ഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദേശിച്ച മെഡിക്കല്‍ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിയ്ക്കും യാതൊരു വിധത്തിലുമുള്ള വൈക്യലവുമില്ലെന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളിയത്.
നിലവില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയാണ് ഗര്‍ഭമലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടുകുട്ടികളുടെ അമ്മയായ തനിക്ക് ഇനിയൊരു കുഞ്ഞിനെക്കൂടി വളര്‍ത്താന്‍ മാനസികമായോ ശാരീരികമായോ ആയ പ്രാപ്തിയില്ലെന്ന് യുവതി കോടതിയെ ധരിപ്പിച്ചു. യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഒക്ടോബര്‍ ഒമ്പതിന് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിദഗ്ധസംഘത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരികയും ചെയ്തു.
തുടര്‍ന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ ഭിന്നവിധി പുറപ്പെടുവിക്കുകയും വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിടുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും ഒരുവിധത്തിലുമുള്ള ആരോഗ്യഅരക്ഷിതാവസ്ഥ ഇല്ലാത്തതിനാല്‍ 26 ആഴ്ചയും അഞ്ച് ദിവസവും വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിന്റെ മൂന്ന്, അഞ്ച് വകുപ്പുകളുടെ ലംഘനമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. “ഹൃദയമിടിപ്പ് നിശ്ചലമാക്കാന്‍ ഞങ്ങള്‍ക്ക് (കോടതിയ്ക്ക്) സാധ്യമല്ല”, ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.