കർദിനാൾ മാർ ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ പദവി ഒഴിഞ്ഞു, മാർ ആൻഡ്രൂസ് താഴത്തും സ്ഥാനമൊഴിഞ്ഞു

കൊച്ചി : സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. അധ്യക്ഷ പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന് താൽക്കാലിക ചുമതല നൽകും. ബിഷപ്പ് മാർ ബോസ്കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. 

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ്  തിരഞ്ഞെടുക്കും. സിറോ മലബാർ സഭയെ വർഷങ്ങളായി ബാധിച്ച ഭൂമി വിൽപ്പനയും ഏകീകൃത കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് കാരണമായത്.

2012 ഫെബ്രുവരി 18ന് കർദിനാൾ മാർ വ‍ർക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ചങ്ങനാശേരിക്കാരനായ മാർ ജോ‍ർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. അക്കാലത്തുതന്നെ മുറുമുറുപ്പുകൾ ഉണ്ടായിരുന്നെങ്കിലും 2017ലെ സഭാ ഭൂമി വിവാദത്തോടെയാണ് അത് മുറുകി. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു.

അതിരൂപതയിൽ പ്രതിഷേധം ആളിക്കത്തിയതോടെ ആസ്ഥാന ഇടവകയായ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലിൽ കാലുകുത്താൻ പോലും വയ്യാത്ത ഗതികേടിലായി ആ‍ലഞ്ചേരി. ഇതിന് പിന്നാലെയാണ് സിറോ മലബാർ സഭയിലെ കുർബാന ഏകീകരണമെന്ന സുപ്രധാന തീരുമാനവുമായി കർദിനാളും സിനഡും മുന്നോട്ട് പോയത്. ഇതിനെതിനെ എറണാകുളം – അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പ്രശ്നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു. സിറോ മലബാർ സഭയുടെ തലവൻ എറണാകുളം – അങ്കമാലി അതിരൂപതയുടെ കൂടി തലവനായിരിക്കുമെന്ന കാലങ്ങളായുളള കീഴ്വഴക്കമാണ് ഇല്ലാതായത്. അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ വത്തിക്കാന് നേരിട്ട് റിപ്പോർട് ചെയ്യുന്ന തീരുമാനം കൂടി ഇതിനിടെ വന്നു.

വത്തിക്കാന്റെ തീരുമാനം നടപ്പാക്കാൻ കഴിയാതിരുന്നതാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവരോട് അതൃപ്തിക്ക് ഇടയാക്കിയത്. സിറോ മലബാർ സിനഡിനെതിരെയും വത്തിക്കാന് അസംതൃപ്തിയുണ്ട്. സിനഡ് ആവശ്യപ്പെട്ടതിനാലാണ് ആർച്ച് ബിഷപ് സിറിൽ വാസിലിനെ വത്തിക്കാൻ പൊന്തിഫിക്കൽ ഡെലിഗേറ്റാക്കി അയച്ചത്.

എന്നാൽ ഡെലിഗേറ്റിന് ഒരു സഹായവും സിനഡോ സഭാ തലവനോ അഡ്മിനിസ്‌ട്രേറ്ററോ നൽകിയില്ലെന്നാണ് വത്തിക്കാൻ ചൂണ്ടിക്കാട്ടുന്നത്. ഡെലിഗേറ്റ് നടപടിയെടുത്ത് തുടങ്ങിയതോടെ ഏകീകൃത കുർബാന ക്രമത്തിലേക്ക് വിമത വിഭാഗം മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡെലിഗേറ്റിനെ അപ്രസക്തനാക്കി സിനഡ് കമ്മീഷൻ രൂപീകരിച്ച് വിമതരുമായി ചർച്ച നടത്തിയതും ഡെലിഗേറ്റിനെ മറികടന്ന് റിപ്പോർട്ടുകൾ വത്തിക്കാനിൽ സമർപ്പിച്ചതും വത്തിക്കാൻ കാര്യാലയങ്ങളെ ചൊടിപ്പിച്ചിരുന്നു.

പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അക്രമാസക്തമായ ജനക്കൂട്ടത്തിന് നടുവിലേക്ക് വിട്ടുകൊടുത്തതും ഡെലിഗേറ്റിനെ നിയമനടപടികളിലേക്ക് വലിച്ചിഴക്കാൻ അവസരം ഒരുക്കിയതും സിനഡിന്റെ വീഴ്ചയാണെന്ന് വത്തിക്കാൻ കുറ്റപ്പെടുത്തി.

ഇത് അംഗീകരിക്കാത്തവരെ കത്തോലിക്ക സഭയുടെ കൂട്ടായ്മക്ക് പുറത്തേക്ക് മാറ്റാനാണ് വത്തിക്കാൻ നിർദേശം. പുതിയ ബിഷപ്പിന് മുൻപിലുള്ള കടമ്പയും ഇതാണ്. മാർപാപ്പായുടെ ഉപദേശക സമതിയായ സി 9 കർദിനാൾ സംഘത്തിലെ ഏഷ്യൻ പ്രതിനിധി കർദിനാൾ ഓസ്വാൾ ഗ്രേഷ്യസാണ് ഈ വിഷയത്തിൽ മാർപാപ്പയുടെ തീരുമാനങ്ങളെ സ്വാധീനിച്ചത്. ഇപ്പോൾ വത്തിക്കാനിലുള്ള കർദിനാൾ ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കത്തീഡ്രൽ ബസലിക്കായിലെ സംഘർഷം അന്വേഷിച്ച ആർച്ച് ബിഷപ്പ് മരിയ കലി സ്റ്റേ സൂസൈപാക്യം കമ്മിഷൻ റിപ്പോർട്ട് കൂടി കർദിനാൾ ഓസ്വാൾ ഗ്രേഷ്യസ് തന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന കേരള കത്തോലിക്ക മെത്രാൻ സമിതിയിൽ ഈ വിഷയം കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷനുമായ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലിമ്മിസ് കാതോലിക്ക ബാവ ഉന്നയിച്ചിരുന്നു. ഇത് കേരള കത്തോലിക്ക സഭയ്ക്ക് ആകെ പ്രതിസന്ധിയായി മാറിയെന്ന് ക്ലിമ്മീസ് ബാബ ആഞ്ഞടിച്ചു. തൊട്ടടുത്ത് മൗണ്ട് സെന്റ് തോമസിലുണ്ടായിട്ടും മൂന്ന് ദിവസത്തിൽ ഒരു തവണ പോലും കെസിബിസി സമ്മേളനത്തിലോ ഫോട്ടോ സെഷനിലോ കർദിനാൾ ജോർജ് ആലഞ്ചേരി പങ്കെടുത്തിരുന്നില്ല

Cardinal George Alancherry resigns

More Stories from this section

family-dental
witywide