മാർ ആലഞ്ചേരിയുടെ പടിയിറക്കത്തിന് പിന്നിൽ എന്താണ് ? ഭൂമി വിൽപന, വ്യാജരേഖ, ആരാധന തർക്കം… ഒടുവിൽ രാജി

കൊച്ചി കാക്കനാട്ടെ സെൻ്റ് തോമസ് മൌണ്ട് . സിറോമലബാർ സഭയുടെ ആസ്ഥാനം. അവിടെ ഇന്ന് അസാധാരണമെങ്കിലും ആരെയും അൽഭുതപ്പെടുത്താത്ത ഒരു പത്ര സമ്മേളനം വിളിച്ചു. പണം കൊണ്ടും അധികാര മേൽക്കോയ്മ കൊണ്ടും കേരളത്തിലെ ഏറ്റവും പ്രബലമായ ക്രിസ്തീയ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി രാജിവയ്ക്കുന്ന കാര്യം പറയാനായിരുന്നു ആ പത്രസമ്മേളനം. രണ്ടു ദിവസങ്ങളായി അദ്ദേഹത്തിന്റെ രാജി വാർത്ത അന്തരീക്ഷത്തിലുണ്ടായിരുന്നു.

ഇപ്പോൾ ഉയരുന്ന ചോദ്യം ഇതോടെ കത്തോലിക്കാ സഭയെ അലട്ടിയിരുന്ന വിഭാഗീയത അവസാനിക്കുമോ എന്നാണ് . മാർ ആലഞ്ചേരിയും എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും രണ്ടു കരകളിലായി നിന്ന് നടത്തിക്കൊണ്ടിരുന്ന യുദ്ധത്തിന് ഇതോടെ വിരാമമാകുമോ .

എക്കാലത്തും ഒരു ഏകശിലാ രൂപം പോലെ സുദൃഢമായിരുന്ന കത്തോലിക്കാ സഭയ്ക്ക് ഇളക്കം തട്ടിയത് എങ്ങനെയാണ് . അധികാരവും സമ്പത്തും കൂടെ ആരാധനാക്രമവും തർക്ക വിഷയങ്ങളായി, പൊലീസ് കാവലിൽ കുർബാന, ഒരേ പള്ളിയിൽ രണ്ടു വൈദികർ രണ്ടു ദിക്കുകളിലേക്ക് നോക്കി കുർബാന.. അടി , കയ്യാങ്കളി, വ്യാജരേഖ.,കേസ് , ചാനൽ ചർച്ചകൾ എന്നിങ്ങനെ നാട്ടിലെ ക്രമസമാധാനവും വിശ്വാസികളുടെ മനസമാധാനവും തകരുന്ന സംഭവ പരമ്പരകളുണ്ടായി.

എവിടെയാണ് തുടക്കം.

ചങ്ങനാശ്ശേരിക്കാരനായ ആലഞ്ചേരി എറണാകുളം- അങ്കമാലി രൂപതയുടെ മേൽപ്പട്ടക്കാരനായി ഇരിക്കുന്നത് ആ നാട്ടിലുള്ളവർക്ക് താൽപര്യമില്ല എന്ന തികഞ്ഞ പ്രാദേശിക വാദം പലരും പറയുന്നുണ്ടെങ്കിലും സത്യമതല്ല. ( കർദിനാളാകുന്ന വ്യക്തി എറണാകുളം – അങ്കമാലി രൂപതയുടെ ചുമതല കൂടി വഹിക്കും)

ഇതിനു മുമ്പും സഭയുടെ അധ്യക്ഷനായി ഇരുന്നിട്ടുള്ളവർ എല്ലാവരും എറണാകുളം – അങ്കമാലി നാട്ടുകാരൊന്നും ആയിരുന്നില്ല. പ്രശ്നം സാമ്പത്തികമായിരുന്നു.

എറണാകുളം- അങ്കമാലി രൂപതയുടെ കൈവശമുണ്ടായിരുന്ന 3 ഏക്കർ ഭൂമി വളരെ തുച്ഛമായ വിലയ്ക്ക് വിറ്റിടത്തു നിന്നാണ് വിവാദം ആരംഭിക്കുന്നത്. 5 ഇടങ്ങളിലായുള്ള ഭൂമി 27 കോടി രൂപയ്ക്ക് വിറ്റു എന്നാണ് ആരോപണം. ആധാരത്തിലെ വില 13 കോടി ആയിരുന്നു. സഭാ അധികൃതരുടെ കൈയിൽ കിട്ടിയതാകട്ടെ 9 കോടി രൂപ മാത്രം. മുഴുവൻ തുക നൽകുന്നതുവരെ ഈടായി രണ്ടു സ്ഥലങ്ങൾ ഇടപാടുകാരൻ അതിരൂപതയ്ക്ക് റജിസ്റ്റർ ചെയ്തു നൽകി. റജിസ്ട്രേഷനുവേണ്ടി 10 കോടി രൂപ പിന്നെയും മുടക്കേണ്ടി വന്നു. ഈ ഇടപാടുകളിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് ആരോപണം.

തുടർന്ന് മാർ ആലഞ്ചേരി റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തി രൂപതയ്ക്ക് നഷ്ടമുണ്ടാക്കി എന്ന് അതിരൂപതയിലെ വിമത വൈദികർ ആരോപണം ഉന്നയിച്ചു. കർദിനാളിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പൊതു ജന മധ്യത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. കർദിനാളിനെതിരെ ക്രിമിനൽ കേസ് അടക്കം ഫയൽ ചെയ്യപ്പെട്ടു. തുടർന്ന് അന്വേഷണം നടത്താൻ ഹൈക്കോടതിയും ഉത്തരവിട്ടു. ഒന്നോർക്കണം സഭയുടെ ഭൂമി എന്നു പറയുന്നത് വിശ്വാസികളുടെ പണവും അധ്വാനവും കൊണ്ട് ഉണ്ടായ ഭൂമിയാണ് . പണ്ടുതൊട്ടേ വിശ്വാസികൾ ദാനമായി നൽകിയതോ പണം പിരിച്ചു മേടിച്ചതോ ഒക്കെയാവും അത്. വിശ്വാസികളെ സംബന്ധിച്ച് അവരുടെ പൂർവികർ ഉണ്ടാക്കിയ സ്വത്ത് നഷ്ടപ്പെടുക എന്നത് വൈകാരിക പ്രശ്നം കൂടിയായി.

എന്നാൽ ഇത്തരം എതിർപ്പുകളെ ചെറുത്തു തോൽപ്പിക്കാനായിരുന്നു ഇങ്ങേപക്ഷത്തുള്ള കർദിനാളും സംഘവും ശ്രമിച്ചത്. സഭയുടെ പരമോന്നത സമിതിയായ മെത്രാൻ സിനഡ് കർദിനാളിന് ക്ലീൻ ചിറ്റ് നൽകി. ഭൂമി ഇടപാടിൽ വീഴ്ച പറ്റിയെങ്കിലും ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല എന്ന വിചിത്രവാദമാണ് സിനഡ് മുന്നോട്ടു വച്ചത്. വിഭാഗീയത കൂടിയതോടെ രണ്ട് സഹായമെത്രാന്മാരെ സസ്പെൻഡ് ചെയ്തു. എന്നിട്ട് അതിരൂപതയുടെ ഭരണം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിച്ചു.

തർക്കം മുറകി നിൽക്കെ വ്യാജരേഖ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ആലഞ്ചേരി അനധികൃത ഇടപാടുകൾ നടത്തിയെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ആരോപിക്കുന്ന രേഖകൾ വ്യാജമായി ഉണ്ടാക്കിയത് സഭയെ പ്ര തിസന്ധിയിലാക്കി. കേസായി. കർദിനാളിൻ്റെ മുൻ സെക്രട്ടറി ഫാ. ആൻ്റണി കല്ലൂക്കാരൻ ഒന്നാം പ്രതിയായി.കർദിനാളിൻ്റെ പ്രധാന വിമർശകനായിരുന്ന ഫാ. പോൾ തേലക്കാട്ട് രണ്ടാം പ്രതിയും ഭൂമി ഇടപാട് അന്വേഷിച്ച് റിപ്പോർട്ട് നൽകിയ ഫാ. ബെന്നി മാരാംപറമ്പിൽ മൂന്നാം പ്രതിയുമായി. ഇതോടെ വലിയ പ്രതിസന്ധി വന്നു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും കുറ്റക്കാരനാണെന്ന നിലപാട് ആലഞ്ചേരി സ്വീകരിച്ചതോടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ. ജേക്കബ് മനത്തോടത്തും പുറത്തായി. അങ്ങനെയിരിക്കെയാണ് സിനഡ് പുതിയ കുർബാനക്രമം കൊണ്ടു വരുന്നത്. അതോടെ വീണ്ടും അടിയായി. വീണ്ടും ഒരു മെത്രാൻ കൂടി രാജി വച്ചു.

എന്താണ് ഏകീകൃത കുർബാന തർക്കം

ഒരുപാടു നാളുകൾ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് സിനഡ് ആരാധനാക്രമത്തിൽ ഏകീകൃത കുർബാന കൊണ്ടുവരുന്നത്. പക്ഷേ അതിന്റെ ടൈമിങ്ങിൽ ഒരു പ്രശ്നം പറ്റി. ഭൂമി വിവാദം കത്തിനിൽക്കുന്ന സമയത്തായിരുന്നു ഇത് അവതരിപ്പിച്ചത്. അതോടെ ഭൂമി വിവാദം ഒതുക്കാൻ മനപൂർവം കൊണ്ടു വന്നതാണ് പുതിയ കുർബാന ക്രമം എന്ന നിലപാട് എറണാകുളം – അങ്കമാലി രൂപതക്കാർ സ്വീകിച്ചു. ഏകീകൃത കുർബാന എന്നു പറഞ്ഞു കൊണ്ടുവന്നത് പഴയ ക്രമത്തിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ല,എന്നാൽ ജനങ്ങൾക്ക് അഭിമുഖമായി നിന്ന് പുരോഹിതൻ ബലി അർപ്പിച്ചിരുന്നത് നേരെ തിരിച്ചായി മാറി. ജനങ്ങൾക്കൊപ്പം പുരോഹിതനും അൾത്താരക്ക് അഭിമുഖമായി ബലി അർപ്പിക്കണം എന്ന നിയമം വന്നു. 2021 ജൂലൈ 3 ന് മാർപാപ്പ ഇത് അംഗീകരിച്ചു.

എന്നാൽ ജനാഭിമുഖമായി മാത്രമേ തങ്ങൾ കുർബാന അർപ്പിക്കൂ എന്ന് എറണാകുളം – അങ്കമാലി രൂപതയിലെ ഭൂരിപക്ഷം വരുന്ന വിമത വൈദികരും നിലപാട് സ്വീകരിച്ചു. വിശ്വാസികളുടെ പിന്തുണയും അവർക്ക് ലഭിച്ചു. ഏകീകരണം സംബന്ധിച്ച് കർദിനാൾ ആലഞ്ചേരി ഇറക്കിയ സർക്കുലർ ഈ അതിരൂപത തള്ളിക്കളഞ്ഞു.

ഇതേ വാദവുമായി നിലനിന്നിരുന്ന ഫരീദാബാദ്, ഇരിങ്ങാലക്കുട രൂപതകൾ പിന്നീട് പുതിയ ആരാധനാക്രമം സ്വീകരിക്കാൻ തയാറായി. എറണാകുളം മാത്രം ഇടഞ്ഞുനിന്നു.2022 ഈസ്റ്റർ മുതൽ കുർബാന ഏകീകരണം നടപ്പാക്കണമെന്ന് കർദിനാൾ അന്ത്യശാസനം നൽകി. ഇതു സംബന്ധിച്ച് കർദിനാളും അതിരൂപതാ ബിഷപ് മാർ ജോസഫ് കരിയിലും സംയുക്ത പ്രസ്താവന ഇറക്കി. ഓശാന ഞായറാഴ്ച ഇരുവരും ചേർന്ന് പുതിയ കുർബാന ക്രമത്തിൽ എറണാകുളം ബലസിക്ക ദേവാലയത്തിൽ കുർബാന അർപ്പിക്കും എന്നായിരുന്നു അത്.

എന്നാൽ തൻ്റെ സീലും വാങ്ങി തന്നെ സമ്മർദത്തിലാക്കി ഒപ്പു വയ്പ്പിക്കുകയായിരുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ചു ബിഷപ് കരിയിൽ രംഗത്തു വന്നു. മാത്രമല്ല 2022 ഡിസംബർ വരെ പഴയപടി ജനാഭിമുഖ കുർബാന ചൊല്ലിയാൽ മതിയെന്ന ഇളവും അദ്ദേഹം അതിരൂപതയ്ക്ക് നൽകി.

ഓശാന ഞായറാഴ്ച പൊലീസ് സംരക്ഷണത്തിൽ ബിഷപ് കരിയിൽ ബസലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുകയും ചെയ്തു. കർദിനാൾ ബസ്സലിക്കയിൽ എത്തിയില്ല. ഇതോടെ പ്രശ്നം രൂക്ഷമായി. വിശ്വാസികൾ രണ്ടു വിഭാഗമായി തിരിഞ്ഞു. സഭയുടെ ഐക്യത്തിന് ഇളക്കം തട്ടി. വത്തിക്കാനും മെത്രാ ൻസിനഡും ബിഷപ് കരിയിലിന് പലവട്ടം മുന്നറിയിപ്പു നൽകിയെങ്കിലും അദ്ദേഹം അനുസരിച്ചില്ല. വിമത വൈദികരുടെ സമ്മർദം അദ്ദേഹത്തിന് അത്രമാത്രം ഉണ്ടായിരുന്നു. ഒടുവിൽ ബിഷപ്പിൻ്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടു. താൻ രാജിവയ്ക്കേണ്ടി വന്ന സാഹചര്യങ്ങൾ വിവരിക്കുന്ന കത്ത് ബിഷപ് കരിയിൽ പുറത്തുവിട്ടത് വൻ വിവാദമുണ്ടാക്കി. വിവാദ ഭൂമിയിടപാടിലൂടെ സഭയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാൻ മറ്റ് രണ്ട് സ്ഥലങ്ങൾ സിനഡ് നിർദേശിക്കുന്ന വിലയ്ക്ക് , സിനഡ് നിർദേശിക്കുന്ന വ്യക്തിക്ക് നൽകാൻ തന്നെ നിർബന്ധിച്ചു എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രറ്ററായി. ഭൂമി വിൽപ്പനയിലെ ക്രമക്കേടുകൾ ആരോപിച്ചുള്ള കേസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹർജി 2023 മാർച്ചിൽ സുപ്രീംകോടതി തള്ളിയത് ആലഞ്ചേരിക്ക് വീണ്ടും തിരിച്ചടിയായി.

കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജിയോപോൾഡോ ജിറലി കൊച്ചിയിലെത്തി മാർ ആലഞ്ചേരിയെ കണ്ടു. അന്നു തന്നെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അത് ഇന്ന് സത്യമാവുകയും ചെയ്തു .

Cardinal George Alencherry steps down as Major Archbishop of Syro-Malabar Church analysis

More Stories from this section

family-dental
witywide