യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലി: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ കേസ്

ആലപ്പുഴ: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി നടപടി. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എഡി തോമസിനെയും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ​ഗൺമാൻമാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവര്‍ കോടതിയേ സമീപിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രമസമാധാന പ്രശ്നത്തില്‍ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിരുന്നു.

മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു.

More Stories from this section

family-dental
witywide