കോൺഗ്രസ് ഡിജിപി ഓഫിസ് മാർച്ച്; 500 പേര്‍ക്ക് എതിരെ കേസ്, കെ. സുധാകരൻ ഒന്നാംപ്രതി

ഡിജിപി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയുന്ന 500 പേര്‍ക്ക് എതിരെ കേസ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരേയും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്.പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

നവ കേരള സദസിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ സംഘടനകളെ കായികമായി നേരിടുന്നെന്ന് ആരോപിച്ചാണ് കെപിസിസി മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിക്കിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തെ ഡിസിസി ഓഫിസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡിജിപി ഓഫിസിന് മുന്നില്‍ എത്തിയതിന് പിന്നാലെ നേതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയും കമ്പും വലിച്ചെറിയുകയും ചെയ്തതോടെയാണ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചത്. സമരവേദിക്ക് സമീപം ടിയര്‍ ഗ്യാസുള്‍പ്പെടെ എത്തിയതോടെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇതോടെ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ചാണ്ടി ഉമ്മന്‍, ജെബി മേത്തര്‍ എംപി തുടങ്ങിയവരും ആശുപത്രിയില്‍ ചികിത്സ തേടി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫും പിന്‍മാറില്ല.. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന്‌പോകില്ലെന്നും വിഡി സതീശന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

case against congress leaders over violence during DGP office march

Also Read

More Stories from this section

family-dental
witywide