ടെക്സാസ്: കാര്‍ ജാക്കിംഗിനിടെ എണ്‍പതുകാരിയെ വെടിവെച്ചു കൊന്ന കേസില്‍ തടവില്‍ കഴിയുകയായിരുന്ന 48 കാരനായ ജൂതന്‍ ജെഡിഡിയ മര്‍ഫിയായുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി. ടെക്‌സസ്സില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്. ഒക്ടോബര്‍ പത്ത് ചൊവ്വാഴ്ച രാത്രിയില്‍ മാരകമായ വിഷമിശ്രിതം കുത്തി വെച്ചാണ് മര്‍ഫിയുടെ വധശിക്ഷ നടപ്പാക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് യുഎസ് സുപ്രീം കോടതി ജെഡിഡിയ മര്‍ഫിയുടെ വധശിക്ഷയ്ക്ക് അനുമതി നല്‍കിയത്.
വധശിക്ഷയ്ക്കെതിരായ 21-ാം ലോക ദിനത്തിന്റെ അവസാന മണിക്കൂറിലാണ് ടെക്സാസ് പൗരനായ മര്‍ഫിയെ വധിച്ചത്. ടെക്‌സസില്‍ 2000ലാണ് ഡാലസ് കൗണ്ടിയിലെ എണ്‍പതുകാരിയായ ബെര്‍ട്ടി ലീ കണ്ണിംഗ്ഹാമിനെ ജെഡിഡിയ മര്‍ഫിയാ വെടിവെച്ചു കൊന്നത്. കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം. തടവില്‍ കഴിയുന്നതിനിടെ വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തില്‍ പ്രമുഖ ജൂത പ്രവര്‍ത്തകരുടെ പിന്തുണ നേടാന്‍ മര്‍ഫിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ശിക്ഷ മാറ്റി വെക്കാന്‍ സാധിച്ചില്ല.
വെള്ളിയാഴ്ച ഫെഡറല്‍ ജില്ലാ കോടതി വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നുവെങ്കിലും സ്റ്റേ നീക്കാന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അപ്പീല്‍ നല്‍കുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുന്‍പ് മര്‍ഫി ഇരയുടെ കുടുംബത്തോട് ക്ഷമാപണം നടത്തി. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ടെക്‌സസ്സില്‍ ഏറ്റവും അവസാനം നടന്ന വധശിക്ഷ 2023 ഫെബ്രുവരി 9നായിരുന്നു. ഈ വര്‍ഷം മൂന്ന് വധശിക്ഷകള്‍ കൂടി നടത്താനുണ്ട്.