വസ്ത്രാക്ഷേപം നടത്തുന്നു, ഇനി മഹാഭാരത യുദ്ധം കാണാമെന്ന് മഹുവ; എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാര്‍ലമെന്റിൽ

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലോക്സഭയിൽ. മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയേക്കും. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ ലോക്സഭ രണ്ട് മണിവരെ നി‍ര്‍ത്തിവെച്ചു.

മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് 6:4ന് ആണ് ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റി പാസാക്കിയെടുത്തത്. ലോക്‌സഭയിലെ അംഗങ്ങളും സ്പീക്കര്‍ ഓം ബിര്‍ലയുമാണ് പുറത്താക്കലില്‍ അന്തിമ നടപടിയെടുക്കേണ്ടത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മഹുവയുടെ പുറത്താക്കല്‍ ഒഴിവാക്കാന്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടങ്ങി. വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി. പിന്നാലെ ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു.

അദാനിക്കെതിരെ നിരന്തരം ചോദ്യം ഉയർത്തുന്നതിലെ പകയാണ് നീക്കത്തിന് പിന്നിലെന്നാണ് മഹുവ മൊയ്ത്രയുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. താൻ പോരാടുമെന്നാണ് മഹുവ മൊയ്ത്ര ഇന്ന് പ്രതികരിച്ചത്. “വസ്ത്രാക്ഷേപമാണ് നടത്തുന്നത്. ഇനി മഹാഭാരത യുദ്ധം കാണാ”മെന്നും മഹുവ മൊയ്ത്ര പാര്‍ലമെന്‍റിലേയ്ക്ക് കയറും മുമ്പ് പറഞ്ഞു. മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയിൽ ചര്‍ച്ച ചെയ്താൽ ആരു സംസാരിക്കണമെന്ന് സ്പീക്കര്‍ തീരുമാനിക്കുമെന്നാണ് ബിജെപി എം.പി നിഷികാന്ത് ദുബെയുടെ പ്രതികരണം. പാര്‍ലമെന്റ് നടപടികൾ ഏകപക്ഷീയമാകുമോയെന്ന് കണ്ടറിയേണ്ടി വരും.

More Stories from this section

family-dental
witywide