
ന്യൂഡൽഹി: വ്യവസായിയും തന്റെ സുഹൃത്തുമായ ദർശൻ ഹിരാനന്ദാനിക്ക് തന്റെ പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയെന്ന് സമ്മതിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് മഹുവ ഇക്കാര്യം സമ്മതിച്ചത്.
ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ലക്ഷ്യം പണമായിരുന്നില്ലെന്നും അവർ പറഞ്ഞു. ലോഗിനും പാസ്‌വേഡും ആർക്കൊക്കെ നൽകാം, നൽകരുത് എന്നതു സംബന്ധിച്ച് പ്രത്യേക ചട്ടങ്ങളില്ലെന്നും ഒരു എംപിയും സ്വന്തമായി ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
“ലോഗിനും പാസ്‌വേഡും അവരുടെ ടീമിന്റെ പക്കലുണ്ട്. എന്നാൽ പിന്നീട് ഒരു ഒടിപി വരും. അത് എന്റെ ഫോണിലേക്ക് മാത്രമാണ് വരുന്നത്. അത് ദർശന്റെ ഫോണിലേക്ക് പോകില്ല. ഞാൻ ഒടിപി നൽകിയാൽ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ.”
രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽനിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട്, പാർലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിന്റെ പാസ്‌വേഡ് തനിക്കു നൽകിയെന്നും ചോദ്യങ്ങൾക്കു പകരമായി ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു ഹീരാനന്ദാനി വെളിപ്പെടുത്തി. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസിനെ കുറ്റപ്പെടുത്തി മഹുവ രംഗത്തെത്തി.