മണിപ്പുർ കത്തിയെരിയുമ്പോൾ എവിടെയായിരുന്നു?: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത

തൃശൂർ: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും ബിജെപി നേതാവായ നടൻ സുരേഷ് ഗോപിയെയും കടന്നാക്രമിച്ച് തൃശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’യിലാണ് രൂക്ഷ ഭാഷയിലുള്ള വിമര്‍ശനം. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകുമെന്ന് ‘മണിപ്പൂര്‍ മറക്കില്ല’ എന്ന തലക്കെട്ടിൽ മുൻ പേജിൽ നൽകിയിരിക്കുന്ന ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന് പിന്നാലെയാണ് പേരെടുത്ത് പറയാതെ സുരേഷ് ഗോപിക്കെതിരായ പരാമര്‍ശം. ‘അങ്ങ് മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കരുത്. അവിടെ അതെല്ലാം നോക്കാന്‍ ആണുങ്ങളുണ്ട്’ എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ‘കത്തോലിക്കാ സഭ’ എടുത്തുപറയുന്നു. ‘മണിപ്പൂർ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ തൃശൂരിനെ എടുക്കാന്‍ ആഗ്രഹിക്കുന്ന ബിജെപി നേതാവിന് ആണത്തമുണ്ടോ? രാജ്യത്ത് മണിപ്പൂര്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുമെന്നും ഭരണം ലഭിച്ചാല്‍ കേരളം മറ്റൊരു മണിപ്പൂരാക്കി മാറ്റാമെന്നുമാണോ ലക്ഷ്യം’ കത്തോലിക്കാ സഭ ലേഖനം ചോദിക്കുന്നു.

ബിജെപിയില്‍ തൃശൂരില്‍ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ സുരേഷ് ഗോപിയെ ഇറക്കി പരീക്ഷണം നടത്തുന്നത് എന്ന പരിഹാസവും ലേഖനത്തിലുണ്ട്. മണിപ്പൂര്‍ കലാപം ആഗോള തലത്തില്‍ രാജ്യത്തിന്റെ യശ്ശസിന് കളങ്കമുണ്ടായെന്നും ലേഖനം വിമർശിക്കുന്നു. മണിപ്പൂര്‍ കലാപം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറക്കില്ലെന്ന മുന്നറിയിപ്പും ലേഖനത്തില്‍ നല്‍കുന്നു.

മണിപ്പൂരിലെ സർക്കാരിന്റെ നിഷ്ക്രിയത്വം അക്രമകാരികൾക്കുള്ള ലൈസൻസ് ആയിരുന്നു. വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങൾ ജാഗരൂകരാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ്‌ മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾ കാണിക്കാറുണ്ടെന്നും കത്തോലിക്കാസഭ ചൂണ്ടിക്കാട്ടുന്നു.മണിപ്പുർ കലാപത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കേന്ദ്രത്തിലെ ആണുങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ലോകജനത ഒന്നാകെ തിരിച്ചറിഞ്ഞ കാര്യമാണെന്നും അതിരൂപത വിമർശിക്കുന്നു. 

Catholicasabha an organ of Thrissur Archdiocese lashes out on BJP and Suresh Gopi

More Stories from this section

family-dental
witywide