വിദേശ സംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനത്തിന്റെ പേരില്‍ ന്യൂസ് ക്ലിക്കിനും ഡയറക്ടര്‍മാര്‍ക്കും അസോസിയേറ്റ്സിനും എതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്ത് സിബിഐ. വാര്‍ത്താ മാധ്യമങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കരുത് എന്ന 2010 ലെ എഫ്സിആര്‍എ ചട്ടം ന്യൂസ് ക്ലിക്ക് ലംഘിച്ചുവെന്ന് സിബിഐ എഫ്‌ഐആറില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തിരിക്കുന്നതെന്നും എഫ്ഐആറില്‍ പറയുന്നു.
നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ് ക്ലിക്കിന് 28.5 കോടി രൂപ സംഭാവനയായി ലഭിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്. വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ് LLC, USA ന്യൂസ് ക്ലിക്കില്‍ 9.59 രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് മാനേജര്‍ ജേസണ്‍ ഫെച്ചര്‍, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് പ്രബീര്‍ പുരകയസ്ത, ശ്രീലങ്കന്‍-ക്യൂബന്‍ വംശജനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗവുമായ വ്യവസായി നെവില്‍ റോയ് സിംഗം, ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖ തുടങ്ങിയ പേരുകള്‍ സിബിഐ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ വസതിയിലും ഡല്‍ഹിയിലെ രണ്ട് സ്ഥലങ്ങളിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. പ്രബീര്‍ പുരകായസ്തയെയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി കോടതി പത്ത് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.