തിരുവനന്തപുരം: മരണംവരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സോളര്‍ പീഡനക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഉമ്മൻചാണ്ടിയെ കുടുക്കാൻ. കെ ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാര്‍ എന്നിവർ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തൽ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് അംഗീകരിച്ചത്.
പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശമോ ഇല്ലായിരുന്നു. ഇത് പിന്നീട് എഴുതി ചേർത്തു. സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയ ഗണേഷ് കുമാർ , ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നു. വിവാദ ദല്ലാള്‍ ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നും കേസിൽ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയത് ഇയാള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സോളാർകേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ജയിലിൽക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കത്തെഴുതുന്നത്. ഗണേഷ് കുമാറിന്റെ ഭാര്യ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താനായില്ലെന്നും സിബിഐ പറയുന്നു.
CBI says there was conspiracy to trap Oommen Chandy in solar sexual abuse case