ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്ത് സിബിഐ; പ്രബീര്‍ പുരകായസ്തയുടെ വസതിയില്‍ വീണ്ടും റെയ്ഡ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ സിബിഐ കേസ് എടുത്തു. വിദേശ സംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനത്തിന്റെ പേരിലാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ വസതിയിലും ഡല്‍ഹിയിലെ രണ്ട് സ്ഥലങ്ങളിലും സിബിഐ സംഘം റെയ്ഡ് നടത്തി. പ്രബീര്‍ പുരകായസ്തയെയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി കോടതി പത്ത് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ മൂന്നിന് പ്രബീര്‍ പുര്‍കായസ്തയെയും അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹിയിലെ ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. അനധികൃതഫണ്ടുകള്‍ സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ അംഗമായ നെവില്‍ റോയ് സിംഘമാണ് ഈ പണം ഇന്ത്യയിലൊഴുക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുരകയസ്ഥ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതായും എഫ്‌ഐആറില്‍ എഴുതിയിട്ടുണ്ട്.

ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ചൈനയില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അറസ്റ്റ് നടന്നത്. ചൈനയുമായി ബന്ധപ്പെട്ട സ്രോതസ്സുകളില്‍നിന്ന് 38 ലക്ഷത്തോളം രൂപ ന്യസ്‌ക്ലിക്കിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്. ന്യൂസ്‌ക്ലിക്ക് അഞ്ച് വര്‍ഷത്തോളം നിയമവിരുദ്ധമായ ഫണ്ടുകള്‍ സ്വീകരിച്ചതായും കശ്മീരും അരുണാചലും തര്‍ക്കപ്രദേശം എന്ന് സ്ഥാപിക്കാന്‍ വാര്‍ത്തകളിലൂടെ ശ്രമിച്ചതായും എഫ്ആറില്‍ പറയുന്നു. സിബിഐയുടെ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.

More Stories from this section

family-dental
witywide