വെടിനിര്‍ത്തല്‍ അവസാനിച്ചു: ഗാസയില്‍ തുടരെത്തുടരെ ബോംബ് വര്‍ഷിച്ച് ഇസ്രയേല്‍, ഒറ്റദിനം മരണം 178

ഗാസസിറ്റി: ഒരാഴ്ച നീണ്ട ആശ്വാസത്തിനൊടുവില്‍ ഗാസയുടെ മണ്ണില്‍ യുദ്ധം വീണ്ടും കൊടുംപിരി കൊള്ളുന്നു. മരണം വാതില്‍ക്കലെത്തുന്ന രാപകലുകളെ കാത്ത് കുട്ടികളും മുതിര്‍ന്നവരുമടക്കം ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു. മരണത്തിന്റെ മണമുള്ള വാര്‍ത്തകള്‍ കേട്ട് വീണ്ടും ലോകം ഉണരാന്‍ തുടങ്ങി.

വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ എൻക്ലേവിൽ ആക്രമണം പുനരാരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 178 പലസ്തീനികൾ കൊല്ലപ്പെടുകയും 589 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, പോരാട്ടത്തിന് വീണ്ടും വിരാമമിടാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് മധ്യസ്ഥരായ ഖത്തര്‍ പറഞ്ഞു. ഉപരോധിച്ച പ്രദേശത്തെ ഫലസ്തീനികള്‍ ഏറെ ദുരിതം അനുഭവിക്കുന്നതിനാല്‍ യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ ചീഫ് ഗാസയില്‍ വെടിനിര്‍ത്തലിന് വീണ്ടും ആഹ്വാനം ചെയ്തു.

യുദ്ധം തുടങ്ങിയ ഒക്‌ടോബര്‍ 7 മുതല്‍ ഗാസയില്‍ 15,000-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. സ്രായേലില്‍ 1,200-ഓളം പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണം പുനരാരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലുടനീളമുള്ള പൗരന്മാര്‍ക്ക് സംരക്ഷണം, ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ശുചിത്വം, മരുന്നുകള്‍ എന്നിവയും അതിലേറെയും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി എക്സില്‍ കുറിച്ചു.

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം വെള്ളിയാഴ്ച ഈജിപ്തുമായുള്ള റഫ ക്രോസിംഗ് വഴി ഗാസയിലേക്ക് ഒരു സഹായവും അനുവദിച്ചിട്ടില്ലെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി ഉള്‍പ്പെടെയുള്ള സഹായ സംഘടനകള്‍ പറഞ്ഞു.

More Stories from this section

family-dental
witywide