വാളെടുത്തവരെല്ലാം വെളിച്ചപ്പാട്: ഇന്ത്യയെ ഭാരതമാക്കാന്‍ മല്‍സരം

ഇന്ത്യയെ ഭാരത് ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയതോടെ ഭാരതത്തിന് ആരാധകര്‍ ഏറുന്നു. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രത്യേക ബില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്ര തലവന്മാര്‍ക്കുള്ള ക്ഷണക്കത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തിനു പോകും മുമ്പ് പ്രധാനമന്ത്രി ഇറക്കിയ കുറിപ്പിലും പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് ഇത്തരം അറിയിപ്പുകളില്‍ പ്രൈം മിനിറ്റര്‍ ഓഫ് ഇന്ത്യ എന്നായിരുന്നു എഴുതാറുണ്ടായിരുന്നത്.

ഏകദിനലോകകപ്പില്‍ ടീം ഇന്ത്യ, ഭാരത് എന്ന് എഴുതിയ ജഴ്സി ധരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് ആവശ്യപ്പെട്ടു. കളിക്കാരുടെ നെഞ്ചില്‍ ഭാരത് എന്നു വരണം. ഇന്ത്യ എന്ന പേര് നല്‍കിയത് ബ്രിട്ടീഷുകാരാണ്. ഭാരത് എന്ന പേരിലേക്ക് മടങ്ങിപോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു, ഭാരത് എന്നത് അഭിമാനം നിറയ്ക്കുന്ന പേരാണെന്നും അദ്ദേഹം പറയുന്നു. പല ലോക രാജ്യങ്ങളും അവരുടെ യഥാര്‍ഥ പേരിലേക്ക് മടങ്ങി പേയിട്ടുണ്ട്. മ്യാന്‍മാറും നെതര്‍ലന്‍ഡ്സും അതിന് ഉദാഹരണമായി സേവാഗ് ചൂണ്ടിക്കാട്ടി.

എക്സിലെ ഇദ്ദേഹത്തിന്റെ കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് ബ്രിട്ടീഷുകാരുടെ കളിയാണെന്നും അതു കൂടി ഉപേക്ഷിക്കണമെന്നും ചിലര്‍ തമാശയായി പ്രതികരിക്കുന്നുണ്ട്.

ഇതിനൊപ്പം അമിതാഭ് ബച്ചന്റെ എക്സിലെ പോസ്റ്റും ശ്രദ്ധേയമായി. ഭാരത് മാതാ കീ ജയ് എന്നാണ് അദ്ദേഹം കുറിച്ചത്. പോസ്റ്റില്‍ ഇന്ത്യന്‍ പതാകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്ന് ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു കാലത്ത് ഗാന്ധി കുടുംബത്തിന് ഏറ്റവും അടുപ്പമുള്ള ഒരാളായിരുന്നു ബിഗ്ബി . ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ജയ ബച്ചന്‍ സമാജ്വാദി പാര്‍ട്ടിയുടെ എംപിയാണ്. സമാജ്വാദി പാര്‍ട്ടി ഇന്ത്യ സഖ്യത്തിലുമാണ്.

ഭാരത് എന്ന പ്രയോഗത്തിനെതിരെ ഏറ്റവും രൂക്ഷമായ പ്രതികരണവുമായി എത്തിയത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ്. പ്രതിപക്ഷ സഖ്യം ഇന്‍ഡ്യ എന്നു പേരുമാറ്റി ഭാരത് ആക്കിയാല്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കി മാറ്റുമോ എന്നാണ് പത്രസമ്മേളനത്തിനിടെ കേജരിവാള്‍ ചോദിച്ചത്. ഇത് 140 കോടി ജനങ്ങളുടെ രാജ്യമാണ് വെറുമൊരു പാര്‍ട്ടിയുടെ മാത്രം തീരുമാനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റുന്നത് ശരിയല്ല എന്നാണ് കേജരിവാളിന്റെ നിലപാട്.