ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ യുണീക് ഐഡെൻ്റിഫിക്കേഷന്‍ നമ്പര്‍ അടങ്ങുന്ന ആധാർ കാര്‍ഡ് വിവരങ്ങൾ സുരക്ഷിതമല്ലെന്നും അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നുമുള്ള ആരോപണങ്ങളുമായി ആഗോള ക്രെഡിറ്റ് ഏജൻസിയായ മൂഡീസ് . ഈ ആരോപണങ്ങളെ ന്യായീകരിക്കുന്ന എന്തെങ്കിലും ഗവേഷണ രേഖയോ തെളിവുകളോ മൂഡീസിന്റെ പക്കൽ ഇല്ലെന്നും അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ തിരിച്ചടിച്ചു.
ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡി പ്രോഗ്രാം ആയ ആധാറിൽ നിന്ന് മിക്കപ്പോഴും ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാതിരുന്ന സാഹചര്യമുണ്ടെന്നും, ബയോ മെട്രിക് സാങ്കേതികവിദ്യയിൽ പലപ്പോഴും ആധാറിന് വിശ്വാസ്യതയില്ലെന്നും മൂഡീസ് വിമർശിക്കുന്നു.
ആധാറിന്റെ ഡേറ്റ മാനേജ്‌മന്റ് അപര്യാപ്തമാണെന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ഓഡിറ്റിംഗ് കേന്ദ്രമായ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) അഭിപ്രായപ്പെട്ട് ഒരു വർഷമാകുമ്പോഴാണ് മൂഡീസ് ആരോപണങ്ങളുമായി രംഗത്ത് വരുന്നത് എന്നത് പ്രധാനമാണ്.
ആധാർ പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. ആധാർ വെരിഫിക്കേഷൻ നടക്കുന്നത് വിരലടയാളത്തിലൂടെയോ കണ്ണിന്റെ ഐറിസ് സ്കാനിങ്ങിലൂടെയോ, ഒടിപി വഴിയോ ആണ്. മൂഡീസ് സെപ്റ്റംബർ 17ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അതിൽ ആധികാരികതയുടെയും വിശ്വാസ്യതയുടെയും പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐഡി മാത്രമുപയോഗിച്ച് നിരവധി ഡേറ്റാബേസുകളിൽ ഇടപെടാൻ സാധിക്കുന്നത് വളരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിമർശനവും മൂഡീസ് ഉയർത്തുന്നു.
എന്നാല്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി സംസാരിച്ച് മനസ്സിലാക്കാൻ മൂഡീസ്ശ്രമിച്ചിട്ടില്ല എന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ കൂടുതൽ ഒരു വിവരവും അവരുടെ പക്കൽ ഇല്ല. മാത്രവുമല്ല മൊത്തം ആധാർ നൽകിയവരുടെ എണ്ണം 1.2 ബില്യൺ എന്ന് തെറ്റായി കാണിക്കയും ചെയ്തതായി സർക്കാർ ആരോപിക്കുന്നു.
മറ്റെല്ലാ വെരിഫിക്കേഷൻ രീതികൾക്കുമപ്പുറം സുരക്ഷ ഉറപ്പുവരുത്താൻ മൊബൈൽ ഒടിപി സംവിധാനവുമുണ്ടെന്ന് സർക്കാർ വിശദീകരിക്കുന്നു. സുരക്ഷയും സ്വകാര്യതയും ഭീഷണിയിലാണ് എന്ന് പറയുമ്പോൾ ആധാർ ഡാറ്റാബേസ് ഒരിക്കൽ പോലും ചോർന്നിട്ടില്ല എന്ന് പാർലമെൻറിൽ സർക്കാർ മറുപടി നല്‍കിയിട്ടുണ്ടെന്നും യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി പറയുന്നു.
ഐഎംഎഫ്, ലോക ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികൾ ഈ പദ്ധതിയെ പ്രകീർത്തിക്കുകയും മറ്റുരാജ്യങ്ങൾ മാതൃകയാക്കുകയും ചെയ്തിട്ടുണ്ടെന്ന അവകാശവാദവും സർക്കാരിനുണ്ട്.