ചന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രനെ തൊടും; സമയം വൈകിട്ട് 6.04

ബെംഗളൂരു: 140കോടി ഇന്ത്യക്കാരുടെ സ്വപ്നവുമായി ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ഇന്നു വൈകിട്ട് 6.04 ന് ചന്ദ്രനില്‍ ഇറങ്ങും. എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ ലാന്‍ഡിങ് 27ലേക്ക് മാറ്റും. ഇറങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പാണ് ലാന്‍ഡ് ചെയ്യുന്നതിനുള്ള കമാന്‍ഡുകള്‍ അപ് ലോഡ് ചെയ്യുക. ഇന്നത്തെ ചന്ദ്രന്റെ അവസ്ഥയും മറ്റ് ബഹിരാകാശ വിവരങ്ങളും വിശകലനം ചെയ്തിട്ടായിരിക്കും ലാന്‍ഡര്‍ ഇറക്കാനാകുമോയെന്ന് തീരുമാനിക്കുക.

ഇന്ത്യന്‍ സമയം വൈകിട്ട് 5.45ന് ലാന്‍ഡിങ്ങിന് തുടക്കമാകും. ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 25 കിലോമീറ്റര്‍ ഉയരെ വച്ചാണ് ഇത് തുടങ്ങുക. ഇന്നത്തെ ലാന്‍ഡിങ് വിജയമായാല്‍ ലാന്‍ഡര്‍മൊഡ്യൂളിനുള്ളിലുള്ള റോവര്‍ 25ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും. സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ലാന്‍ഡറിന്റെ വേഗം മുന്‍നിശ്ചയിച്ചതുപോലെ കുറയ്ക്കാന്‍ സാധിച്ചില്ലെ ങ്കിലാണ് ലാന്‍ഡിങ് 27ലേക്ക് മാറ്റേണ്ടി വരിക. ലാന്‍ഡറിന്റെ വേഗം ചന്ദ്രന്റെ ഗുരുത്വ ബലത്തെ അതിജീവിച്ചാണ് കുറയ്ക്കേണ്ടത്. എല്ലാം പ്രതീക്ഷിച്ചതുപോലെ പൂര്‍ത്തിയായാല്‍ ഇത് ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമായിമാറും.

അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിനു മുമ്പ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ളത്.