തിരുവനന്തപുരം: നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയരികില്‍ കറുപ്പു വസ്ത്രമണിഞ്ഞിരുന്ന് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരിക്കെയാണ് പ്രതിഷേധം. പുതുപ്പള്ളി ഹൗസിന് മുന്നിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. തൊട്ടടുത്തായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നിലയുറപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതിരായ പ്രതിഷേധമാണിതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കറുപ്പ് വസ്ത്രം ധരിച്ച് വഴിയരികില്‍ നില്‍ക്കാന്‍ പാടില്ലെന്ന് പൊലീസ് തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞു. വാകത്താനത്ത് കറുപ്പ് വസ്ത്രം ധരിച്ച പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപ്രവര്‍ത്തകരെ നവകേരളസദസ്സിന്റെ തുടക്കം മുതല്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലടക്കമുള്ള പ്രതിഷേധമാണ് താനുയര്‍ത്തുന്നതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ചാണ്ടി ഉമ്മന്റെ വസതിക്കു തൊട്ടടുത്താണ് നേമം മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും കരിങ്കൊടി കാണിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. ഇവിടെ വലിയ പോലീസ് സന്നാഹമുണ്ട്.