തിരുവനന്തപുരം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി രൂപത. സ്വർഗാനുരാഗത്തെ മഹത്വവത്കരിക്കുന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി പോയത് എന്തുകൊണ്ടാണെന്ന് ചങ്ങനാശേരി രൂപത സഹായ മെത്രാൻ തോമസ് തറയിൽ ചോദിച്ചു. മറ്റേതെങ്കിലും മതത്തിന്‍റെ പശ്ചാത്തലമായിരുന്നെങ്കിൽ സിനിമ തിയറ്റർ കാണില്ലായിരുന്നെന്നും അവർ തിയറ്റർ കത്തിക്കുമായിരുന്നെന്നും തോമസ് തറയിൽ ആരോപിച്ചു.
സഭയെ അപമാനിക്കുന്ന ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ ലഭിക്കുന്നു. സ്വവര്‍ഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയില്‍ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായെന്നും അദ്ദേഹം ചോദിച്ചു. കഥാപശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങള്‍ ആയതിലും വിമര്‍ശനം ഉന്നയിച്ചു.
“നമുക്കെതിരായ വാർത്തകൾക്ക് സ്പോൺസേഴ്സിനെ കിട്ടാൻ ഒരു പഞ്ഞവുമില്ല. മമ്മൂട്ടിയെന്ന താരമൂല്യമുള്ള നടൻ അഭിനയിച്ച സിനിമയിൽ, ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവത്കരിക്കുന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി പോയത് എന്തുകൊണ്ടാണ്? അതിന്‍റെ പശ്ചാത്തലം ക്രൈസ്തവ ദേവാലയമായി പോയത് എന്തുകൊണ്ടാണ്? വേറെ ഏതെങ്കിലും മതത്തിന്‍റെ പശ്ചാത്തലത്തിൽ ആ സിനിമയെടുത്തിരുന്നെങ്കിൽ അത് തിയറ്റർ കാണില്ല. അവർ തിയറ്റർ കത്തിക്കും. നമ്മുടെ സഹിഷ്ണുതയും നമ്മുടെ നന്മയും ചൂഷണം ചെയ്തുകൊണ്ട് നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ജാഗ്രത വേണം,” തോമസ് തറയിൽ പറഞ്ഞു.