ഇലോൺ മസ്കിന്റെ ചാറ്റ് ബോട്ടിനെ പരിഹസിച്ച് ചാറ്റ്ജിപിടി നിർമ്മാതാവ് സാം ആൾട്ട്മാൻ

നിലവിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിടി. അതിനിടെയാണ് ടെസ്ല മേധാവി ഇലോൺ മസ്‌ക് ഗ്രോക്ക് എന്ന എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ഇപ്പോഴിതാ, സാം ആൾട്ട്‌മാൻ മസ്കിന്റെ ചാറ്റ്ബോട്ടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാറ്റ്ജിപിടി നിർമ്മാതാവ് സാം ആൾട്ട്മാൻ.

അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് സാം ആൾട്ട്മാന്റെ പരിഹാസം. ചാറ്റ് ജിപിടിയുടെ ഒരു സ്‌ക്രീൻഷോട്ട് ആൾട്ട്മാൻ എക്സിൽ പോസ്റ്റ് ചെയ്തു. ഉപഭോക്താക്കള്‍ക്ക് അവരുടെ താല്പര്യം അനുസരിച്ച് ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ജിപിടി ബില്‍ഡര്‍ എന്ന പുതിയ സംവിധാനത്തെ കുറിച്ചുള്ള പോസ്റ്റിലാണ് അദ്ദേഹം മസ്കിന്റെ എഐ ചാറ്റ്ബോട്ടിനെ പരിഹസിച്ചത്. അദ്ദേഹം ചാറ്റ് ജിപിടിയോട് പറഞ്ഞു:

“ആളുകളെ ചിരിപ്പിക്കുന്ന തരത്തിലുള്ള ഉത്തരങ്ങൾ നൽകുന്ന ഒരു ചാറ്റ്ബോട്ട് ആകൂ.’

ചാറ്റ്ജിപിടിയുടെ പ്രതികരണം? “കൊള്ളാം, ചാറ്റ്ബോട്ട് സജ്ജീകരിച്ചിരിക്കുന്നു! അതിന്റെ പേര് ഗ്രോക്ക് എന്നാണ്. നിങ്ങൾക്ക് ഈ പേര് ഇഷ്ടമായോ? അതോ മറ്റെന്തെങ്കിലും പേരിടണോ?” ഇങ്ങനെയായിരുന്നു മറുപടി ലഭിച്ചത്.

ഓപ്പൺഎഐയുടെ AI ടൂൾ ഒരു വർഷം മുമ്പ് രംഗത്ത് വന്നതുമുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പേരിൽ ടെക് ലോകത്ത് മത്സരം ചൂടുപിടിക്കുകയാണ്. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികളും മെറ്റയും ആന്ത്രോപിക്, സ്റ്റെബിലിറ്റി എഐ പോലുള്ള ചെറുകിട സ്റ്റാർട്ടപ്പുകളും ആർക്കാണ് ഏറ്റവും മികച്ച സാങ്കേതിക വിദ്യ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ്.