തൃശൂര്‍: ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ രണ്ടു മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ഫ്‌ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേര്‍പെട്ടു. ഒക്ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. രണ്ടു മാസം പോലും പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്ന ഉച്ചയോടെയാണ് പാലം തകര്‍ന്നത്. തിരക്ക് കുറവായിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ശക്തമായ തിരയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേര്‍പ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. രണ്ട് സഞ്ചാരികളും ആറ് ജീവനക്കാരും സംഭവസമയം ബ്രിഡ്ജിലുണ്ടായിരുന്നു. ഇതിലൊരാള്‍ വെള്ളത്തില്‍ വീണെങ്കിലും ഇയാളെ രക്ഷപ്പെടുത്തി. നൂറു മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേര്‍പെട്ടത്. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി പൊട്ടിയ ഭാഗം കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. ട്രാക്ടര്‍ ഉപയോഗിച്ചാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്.
110 മീറ്റര്‍ നീളത്തിലാണ് കടലിലേക്ക് ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഒരേസമയം 100 പേര്‍ക്ക് പ്രവേശിക്കാവുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള ബ്രിഡ്ജിന് ഏകദേശം ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. 80 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ കമ്പനി ഇത് നിര്‍മിച്ചത്. ബ്രിഡ്ജിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 120 രൂപയാണ് ഈടാക്കിയിരുന്നത്. ഈ വരുമാനം മുഴുവനും ബ്രിഡ്ജ് നിര്‍മ്മിച്ച സ്വകാര്യ കമ്പനിക്ക് തന്നെയാണ് ലഭിക്കുന്നതെന്നാണ് വിവരം.