പൊരുതി തോറ്റ് പ്രഗ്നാനന്ദ; ചെസ് ലോകകപ്പ് മാഗ്നസ് കാൾസന്

ബാക്കു: ചെസ് ലോകകപ്പ് കിരീടം നോർവെയുടെ മാഗ്നസ് കാൾസന്. ഇന്ത്യൻ പ്രതീക്ഷയായ പ്രഗ്നാനന്ദയെ പരാജയപെടുത്തിയാണ് കാൾസൺ ജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരം സമനില ആയതിനെ തുടർന്നാണ് ഇന്ന് ടൈബ്രേക്കറിൽ വിജയിയെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മികച്ച മത്സരമാണ് ഇന്ത്യൻ താരം ലോക ചാമ്പ്യന് നൽകിയത്.

വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ വമ്പന്‍താരങ്ങളെ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍താരം ആര്‍. പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ മറികടന്നാണ് കാള്‍സന്റെ കന്നി ലോകകപ്പ് കിരീടനേട്ടം. ടൈ ബ്രേക്കറില്‍ അടിതെറ്റിയെങ്കിലും ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ടൈ ബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാള്‍സന്‍, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയായിരുന്നു കാള്‍സന്റെ ഫൈനല്‍ പ്രവേശം.

വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ. സെമിയില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം.

More Stories from this section

family-dental
witywide