ഛത്തി​സ്ഗ​ഢി​ൽ തെരഞ്ഞെടുപ്പിനിടെ നക്സൽ ബോംബാക്രമണം; സി.ആർ.പി.എഫ് കമാൻഡോയ്ക്ക് പരിക്കേറ്റു

റായ്പുർ: ഛത്തി​സ്ഗ​ഢി​ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷ കാവലിൽ നടക്കുന്ന തെരഞ്ഞെടുപ്പിനിടെ നടന്ന സ്ഫോടനത്തിൽ സി.ആർ.പി.എഫ് കമാൻഡോയ്ക്ക് പരിക്കേറ്റു.

സുക്മ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിലാണ് പരിക്കേറ്റത്. കോബ്ര 206-ഉം സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും തോണ്ടമാർകയിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം. പട്രോളിംഗിനിടെ നക്സലുകൾ സ്ഥാപിച്ച ഐ.ഇ.ഡിയിൽ ചവിട്ടിയതോടെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും വലയത്തിൽ, നക്‌സലൈറ്റ് ബാധിത ബസ്തർ ഡിവിഷനിലെ സീറ്റുകളിൽ കനത്ത കാവൽ ഏർപ്പെടുത്തി.

ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭാ മണ്ഡലങ്ങളിൽ 10 എണ്ണത്തിലും രാവിലെ ഏഴു മണിക്കാണ് പോളിങ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. ബാക്കിയുള്ള 10 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ടു മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. ആകെയുള്ള 90 നിയമസഭാ സീറ്റുകളിൽ 20 എണ്ണത്തിൽ ആദ്യഘട്ടത്തിൽ 25 വനിതകൾ ഉൾപ്പെടെ 223 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് പ്രധാനമായും നക്‌സല്‍ സ്വാധീന മേഖലകളില്‍. സുക്മ, ദന്തേവാഡ, ബിജാപുര്‍, നാരായണ്‍പുര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ മേഖലയിലെ 12 മണ്ഡലങ്ങളും നക്‌സല്‍ സ്വാധീന പ്രദേശങ്ങളാണ്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമണ്‍സിങ് മത്സരിക്കുന്ന രാജ്‌നന്ദ്ഗാവ്, നിയമമന്ത്രിയും ഏക മുസ്‌ലിം സ്ഥാനാര്‍ഥിയുമായ മുഹമ്മദ് അക്ബര്‍ മത്സരിക്കുന്ന കവധ എന്നിവ ഉള്‍പ്പെടുന്നതാണ് ബാക്കി എട്ട് മണ്ഡലങ്ങള്‍.

More Stories from this section

family-dental
witywide