‘അവന് തൂക്കുകയര്‍ കൊടുക്കണം, വെറുതെ വിട്ടാല്‍ വേറൊരു കുഞ്ഞിനും ഇതു സംഭവിക്കാം’; ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ അമ്മ

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ. എന്റെ കുഞ്ഞിനെ അവന്‍ ജീവനോടെ വിട്ടിരുന്നുവെങ്കില്‍ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവും പ്രതികരിച്ചു. ഇതുവരെ എല്ലാ പിന്തുണയും നല്‍കിയ കേരള സര്‍ക്കാരിനും പൊലീസിനും മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഇതുവരെ ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ എല്ലാനടപടിക്രമങ്ങളും നടന്നത് അതിവേഗത്തിലാണ്.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ഇയാള്‍ക്കെതിരായ ശിക്ഷാ വിധി കോടതി വ്യാഴാഴ്ച പുറപ്പെടുവിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്.

കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങി ആകെ 16 കുറ്റങ്ങള്‍ ചുമത്തി 645 പേജുള്ള കുറ്റപത്രം ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.

More Stories from this section

family-dental
witywide