ഒരു കുട്ടിയുള്‍പ്പെടെ ഏഴ് കൊലപാതകങ്ങള്‍; പെൺ സീരിയൽ കില്ലറുടെ വധശിക്ഷ നടപ്പാക്കി ചൈന

ബെയ്ജിങ്: 1996 നും 1999 നും ഇടയിലുള്ള കാലത്ത് നടന്ന ഏഴ് കൊലപാത കേസുകളിലും നിരവധി തട്ടിക്കൊണ്ട് പോകലുകളിലും മോഷണക്കേസുകളിലും പ്രതിയായ പെൺ സീരിയൽ കില്ലറുടെ വധശിക്ഷ നടപ്പിലാക്കിയെന്ന് ചൈന. ലാവോ റോംഗ്സിയും ഇവരുടെ ഭര്‍ത്താവ് ഫാ സിയിംഗും ചേര്‍ന്ന് മൂന്ന് വര്‍ഷക്കാലം ചൈനയില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊലപാതകങ്ങളിൽ ഇവരുടെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് ജിയാങ്‌സി പ്രൊവിൻഷ്യൽ ഹൈ പീപ്പിൾസ് കോടതി ലാവോയുടെ വധശിക്ഷ ശരിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇവരുടെ വധശിക്ഷ എങ്ങനെയാണ് നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

1993 ലാണ് ഫാ സിയിംഗും ലാവോ റോംഗ്സിയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ആദ്യം ചെറിയ ചെറിയ മോഷണങ്ങളും പിടിച്ച് പറിയില്‍ നിന്നുമായിരുന്നു ഇരുവരും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്. 1996 മുതൽ 1999 വരെ നഞ്ചാങ്, വെൻഷൗ, ഹെഫെയ് എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇക്കാലത്ത് ഇരുവരും ഒന്നിച്ച് ഒരു കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നീണ്ട അന്വേഷണത്തിനൊടുവില്‍ 1999 ജൂലായ് 23-ന് ഹെഫെയിൽ വെച്ച് ഫാ സിയിംഗിനെ അറസ്റ്റ് ചെയ്തു. 1999 ഡിസംബർ 28 ന് ചൈനീസ് ഭരണകൂടം, വെടിവച്ച് ഇയാളുടെ വധശിക്ഷ നടപ്പാക്കി. എന്നാല്‍ അന്ന് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ലാവോ റോംഗ്സി പേര് മാറ്റി വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

2019 നവംബർ 28 ന് സിയാമെനിൽ നിന്ന് പോലീസ് വീണ്ടും ഇവരെ പിടികൂടി. തുടര്‍ന്ന് നടന്ന കോടതി നടപടികളില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. അപ്പീലിന് പോയെങ്കിലും അപ്പീല്‍ തള്ളി. 2019 നവംബറിൽ അവരുടെ വധ ശിക്ഷ കോടതി ശരിവച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. അന്ന് മുതല്‍ ലാവോ റോംഗ്സിന്‍റെ എല്ലാ രാഷ്ട്രീയാവകാശങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഇവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടി. ഒടുവില്‍ ഇന്ന് രാവിലെയാണ് ലാവോ റോംഗ്സിന്‍റെ വധശിക്ഷ നടപ്പാക്കിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

More Stories from this section

family-dental
witywide