ബീജിങ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് ഔദ്യോഗിക അംഗീകാരം നൽകി ചൈന. താലിബാൻ നിയമിത പ്രതിനിധിക്ക് നയതന്ത്ര പദവി നൽകുന്ന ആദ്യ രാജ്യമാണ് ചൈന. ബെയ്ജിങ്ങിലെ ചൈനീസ് പ്രതിനിധി ബിലാൽ കരീമിക്ക് അംബാസഡർ പദവിയും നൽകി. മറ്റൊരു രാജ്യവും താലിബാന് ഇതുവരെ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടില്ല.
അയൽരാജ്യമെന്ന നിലക്ക് അഫ്ഗാനിസ്താനെ അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് മാറ്റിനിർത്താനാകില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു. നിലവിൽ പാക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിലും അഫ്ഗാനിസ്ഥാന്റെ എംബസി പ്രവർത്തിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന പ്രതികരിച്ചു. തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രീയ ഘടന കെട്ടിപ്പടുക്കുാനും മിതവും വിവേകപൂർണ്ണവുമായ ആഭ്യന്തര, വിദേശ നയങ്ങൾ സ്വീകരിക്കാനും എല്ലാത്തരം തീവ്രവാദ ശക്തികളെയും ശക്തമായി നേരിടാനും മറ്റു രാജ്യങ്ങളുമായി സൗഹൃദബന്ധം വളർത്തിയെടുക്കാനും അഫ്ഗാനിസ്ഥാൻ പരിശ്രമിക്കുമെന്ന് വിശ്വസിക്കുന്നതായും ചൈന കൂട്ടിച്ചേർത്തു.