ലഡാക്കിലെ കയ്യേറ്റമേഖലയിൽ നിന്ന് ഇതുവരെ ചൈനീസ് പട്ടാളം പിൻമാറിയിട്ടില്ലെന്ന് പെൻ്റഗൺ

വാഷിങ്ടൺ: ഇന്ത്യ – ചൈന സംഘർഷമുണ്ടായ ലഡാക് അതിർത്തിയിൽ ചൈന സൈനിക നീക്കങ്ങൾ തുടരുന്നുണ്ടെന്നും ചൈനീസ് പട്ടാളം ഇതുവരെ പിൻമാറിയിട്ടില്ലെന്നും പെൻ്റഗൺ റിപ്പോർട്ട്. ചൈന 2020ൽ വിന്യസിച്ച സേന അവിടെ തുടരുകയാണെന്നും വൻ തോതിൽ സൈന്യത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അവിടെ നടന്നതായും റിപ്പോർട്ടിലുണ്ട്. ചൈനയുടെ സൈനിക സുരക്ഷാ മാറ്റങ്ങൾ 2023 എന്ന പെൻ്റഗൺ റിപ്പർട്ടിലാണ് ഈ വിവരങ്ങളുള്ളത്. നിലവിൽ ചൈനയ്ക്ക് 500 ആണവായുധങ്ങളുണ്ട്. 2030 ആകുമ്പോൾ ഇത് ഇരട്ടിയാകുമെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യ – ചൈന സംഘർഷമുണ്ടായ സമയത്ത് ചൈന വൻ തോതിൽ സൈന്യത്തെ വിന്യസിച്ചിരുന്നു. ഭൂഗർഭ സംഭരണ സൌകര്യം, വിമാനനത്താവളം, ഹെലിപ്പാടുകൾ, പാംഗോങ് തടാകത്തിന് കുറുകെ പാലം, റോഡുകൾ തുടങ്ങിയവ നിയന്ത്രണ രേഖയിൽ നിർമിച്ചെന്നും റിപ്പോർട്ട് പറയുന്നു. നിരവധി സൈനിക- നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്

സംഘർഷമുണ്ടായ സമയത്ത് 10 കംബൈൻഡ് ആംഡ് ബ്രിഗേഡുകളെ ചൈന നിയന്ത്രണ രേഖയിൽ വിന്യസിച്ചിരുന്നു. വിവിധ സൈനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചവരാണ് കംബൈൻഡ് ആംഡ് ബ്രിഗേഡിലെ പട്ടാളക്കാർ. ഇതിൽ ചിലത് പിൻവലിച്ചെങ്കിലും ഭൂരിഭാഗവും നിയന്ത്രണരേഖയിൽ തുടരുകയാണ്. ഇരു രാജ്യങ്ങളും പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ചൈനീസ് സേന പിന്മാറാൻ തയാറായിട്ടില്ല. അതിർത്തിയിൽ സമാധാനം പുലരുന്നതുവരെ ചൈനയുമായുള്ള ബന്ധം സുഗമമായിരിക്കില്ല എന്ന നിലപാടാണ് ഇന്ത്യയ്ക്ക്.

2020 ജൂൺ 15 ന് ഗാൽവാൻ താഴ്വരയിൽ ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായി. ഇരു സൈന്യങ്ങളും തമ്മിൽ അടിപിടിയും കല്ലേറുമുണ്ടായി. 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയുമുണ്ടായി.

China still maintaining military troops near Ladakh border says Pentagon.