വാഷിങ്ടണ്‍: ചൈനയെ സൂക്ഷിക്കണമെന്നും അവര്‍ ലോകം മുഴുവന്‍ കീഴടക്കുമെന്നും കഴിഞ്ഞ ദിവസം റിപബ്ളിക്കന്‍ നേതാവ് നിക്കി ഹാലെ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ അമേരിക്കയെ ആശങ്കപ്പെടുത്തിയ പുതിയ വാര്‍ത്ത പുറത്തുവരുന്നു. യുഎസ് വിദേശകാര്യവകുപ്പിലെ 60,000 ഇ-മെയിലുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വാര്‍ത്തയാണത്.. മൈക്രോസോഫ്റ്റിന്‌റെ ഇ-മെയില്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയതെന്ന് അമേരിക്കൻ സെനറ്റ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
കിഴക്കൻ ഏഷ്യ, പസഫിക് എന്നിവിടങ്ങളിൽ ജോലി ചെയുന്ന 10 അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ഇ- മെയിലുകൾ ഹാക്ക് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. ഇവർ ഇന്തോ-പസഫിക് നയതന്ത്ര ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സംഭവത്തോട് പ്രതികരിക്കാൻ വിദേശകാര്യ വകുപ്പ് തയാറായിട്ടില്ല.
കഴിഞ്ഞ മേയിൽ ചൈനയിൽനിന്നുള്ള ഹാക്കർമാർ യുഎസ് വാണിജ്യ, വിദേശകാര്യ വകുപ്പുകൾ ഉൾപ്പെടെ 25 ഓളം സ്ഥാപനങ്ങളിലെ ഇ-മെയിൽ അക്കൗണ്ടുകൾ ചോർത്തിയതായി യുഎസ് ഉദ്യോഗസ്ഥരും മൈക്രോസോഫ്റ്റും ആരോപിച്ചിരുന്നു. യുഎസ് സർക്കാരിന് ഐടി സേവനങ്ങൾ നൽകുന്നതിലെ മൈക്രോസോഫ്റ്റിന്റെ പങ്കിലാണ് ഹാക്കർമാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ആരോപണമുണ്ട്. എന്നാൽ, ഇത് ചൈന നിഷേധിച്ചു.
മൈക്രോസോഫ്റ്റിലെ ഒരു എൻജിനീയറുടെ ഡേറ്റകൾ അടങ്ങിയ ഉപകരണമാണ് ഹാക്കർമാർ ആദ്യം ഹാക്ക് ചെയ്തത്. ഇതിൽ നിന്നാണ് യുഎസ് സർക്കാർ- വാണിജ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരിലേക്ക് അവർ എത്തിയതെന്ന് മൈക്രോസോഫ്റ്റ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കും നുഴഞ്ഞുകയറ്റങ്ങൾക്കുമെതിരെ പ്രതിരോധം കർശനമാക്കേണ്ടതുണ്ടെന്ന് റോയിട്ടേഴ്സിന് അയച്ച ഇ-മെയിലിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വിവരങ്ങൾ പുറത്തുവന്നതോടെ, മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനങ്ങളെ ചൊല്ലി പലതരത്തിലുള്ള വിമർശനങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍, സെനറ്റ് അംഗത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ മൈക്രോസോഫ്റ്റ് തയാറായിട്ടില്ല.
Chinese hackers nab 60000 emails in state department breach