മരണം ഉറപ്പാക്കാന്‍ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും, മൂക്കിലും ചേര്‍ത്ത് അമര്‍ത്തി…ആത്മഹത്യ കൊലപാതകമായത് ഇങ്ങനെ

കൊച്ചി : ഭാര്യ ആത്മഹത്യക്കു ശ്രമിച്ചെന്നു പറഞ്ഞാണ് ഭര്‍ത്താവ് ഷൈജു ശാരിയെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തില്‍ ഷാള്‍ കുരുക്കിട്ട് വീടിന്റെ കഴുക്കോലില്‍ തൂങ്ങിയെന്നാണ് ഷൈജു പറഞ്ഞത്. ഒരു ആത്മഹത്യക്കുവേണ്ട ചേരുവകള്‍ എല്ലാം കൃത്യമായി ചേര്‍ത്തെങ്കിലും ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടില്‍ ഷൈജു എന്ന 37 കാരന് എല്ലാം പെട്ടന്നു കൈവിട്ടു പോകുകയായിരുന്നു. ആത്മഹത്യ കൊലപാതകമായ ക്രൂരതയുടെ കൈകള്‍ ഷൈജുവിന്റേതെന്ന് പൊലീസ് കണ്ടെത്തി. ആ കഥ പൊലീസ് പറയുന്നത് ഇങ്ങനെ :

കഴിഞ്ഞ 25-ന് ഉച്ചയോടെ വീട്ടില്‍ മദ്യപിച്ചെത്തിയ ഷൈജു ഭാര്യ ശാരിയെക്കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് അവശനിലയിലായ ശാരിയെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരണം ഉറപ്പിക്കാന്‍ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും, മൂക്കിലും ചേര്‍ത്ത് പൊത്തിപ്പിടിച്ചു.

പിന്നീടാണ് കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം ഷൈജു നടത്തിയത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിന് കഴിയാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഷൈജുവിന്റെ ആദ്യഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട രണ്ടാം ഭാര്യ ശാരി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മൂവ്വാറ്റുപുഴ സ്വദേശിനിയായിരുന്നു മരിച്ച ശാരി. 13 വര്‍ഷമായി ഒരുമിച്ച് ജീവിച്ച ഇവര്‍ 5 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ശാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഷൈജു കൊല നടത്തിയത്.

പുത്തന്‍കുരിശ് ഡിവൈ.എസ്.പി: ടി.ബി. വിജയന്‍, ഇന്‍സ്പെക്ടര്‍മാരായ കെ.പി. ജയപ്രസാദ്, കെ.ജി. ഗോപകുമാര്‍, ഡി.എസ്. ഇന്ദ്രരാജ്, വി. രാജേഷ് കുമാര്‍, എ.എസ്.ഐ ബിജു ജോണ്‍, സി.പി.ഒ. രൂപഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.

More Stories from this section

family-dental
witywide