തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു പരാതി നല്‍കി ബംഗലുരു സ്വദേശി. വ്യാപകമായ രീതിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിച്ചു വരുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
പരാതി സ്വീകരിച്ച തദ്ദേശസ്വയംഭരണ വകുപ്പ് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ എല്ലാ ജില്ലകളിലേക്കും പരാതി അയച്ചു കൊടുക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെയാണ് പരാതിയും അന്വേഷണം നടത്താനാവശ്യപ്പെട്ട ഉത്തരവും വിവാദമായത്. അതേസമയം വിവാദത്തിനു പിന്നാലെ ഈ നിര്‍ദേശം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് തദ്ദേശവകുപ്പ് ഡയറക്ടര്‍ സൂചിപ്പിക്കുന്നത്. നിര്‍ദ്ദേശം വിവാദമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പനഃപരിശോധന ഉണ്ടായേക്കുമെന്നാണ് സൂചന.