പാർലമെന്റ് കെട്ടിടത്തിന്റെ സുരക്ഷ ഇനി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഏറ്റെടുക്കും. അടുത്തിടെ നടന്ന പാർലമെന്റ് സുരക്ഷാ ലംഘനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഡൽഹി പോലീസിൽ നിന്ന് സുരക്ഷാ ചുമതല സിഐഎസ്‌എഫ് ഏറ്റെടുക്കുക. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയതും പഴയതുമായ പാർലമെന്റ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്ര സുരക്ഷാ കവറേജിന് കീഴിലാണ്. പാർലമെന്റ് സെക്യൂരിറ്റി സർവീസ് (പിഎസ്എസ്), ഡൽഹി പോലീസ്, പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) എന്നിവയുടെ നിലവിലുള്ള ഘടകങ്ങളെ നിലനിർത്തും. സമുച്ചയത്തിനുള്ളിലെ സുരക്ഷ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവാദിത്തമായി തുടരും. അതേസമയം കെട്ടിടത്തിനു പുറത്തുള്ള ഡൽഹി പോലീസ് സംരക്ഷണം തുടരും. സുരക്ഷാ പ്രോട്ടോക്കോളുകൾ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് മാറ്റം.
ഈ മാസം പതിമൂന്നിനായിരുന്നു പാർലമെൻറിൽ അതിക്രമമുണ്ടായത്. ശൂന്യവേള അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സാഗര്‍ ശര്‍മ, ഡി മനോരഞ്ജൻ എന്നിവർ സഭാംഗങ്ങളുടെ ചേംബറിലേക്ക് ചാടുകയും മഞ്ഞകളറിലുള്ള സ്‌മോക് സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു.
അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവർ പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇവർക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ വിശാല്‍ ശര്‍മ എന്ന അഞ്ചാമനെ ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
CISF roped in for parliament security after December 13 security breach