തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജനമാര്‍ച്ചില്‍ സംഘര്‍ഷം. കൊച്ചിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നത്. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഒട്ടുമിക്ക സ്ഥലങ്ങളിലും മാര്‍ച്ച് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്.
വയനാട്ടിലും പാലക്കാട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊച്ചിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചത്. നൂറു കണക്കിനു പ്രവര്‍ത്തകരാണ് ഓരോ സ്‌റ്റേഷനിലേക്കും മാര്‍ച്ച നടത്തിയത്.