മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി യൂത്ത് കോണ്‍ഗ്രസ്; വടി ചുഴറ്റി ഡിവൈഎഫ്ഐ, സംഘര്‍ഷം

കൊല്ലം: കൊല്ലം നഗരമധ്യത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നവകേരള സദസ് കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലത്തെ ചിന്നക്കടയില്‍ വച്ച് പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടാതെ പ്രദേശത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഇരുവിഭാഗത്തിലേയും പ്രവര്‍ത്തകര്‍ വിവിധ ആശുത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

More Stories from this section

family-dental
witywide