കര്‍ണാടക ജെഡിഎസിൽ പൊട്ടിത്തെറി; സി .എം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് ദേവഗൌഡ

ബെംഗലൂരു: കര്‍ണാടക ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സി .എം ഇബ്രാഹിമിനെ പുറത്താക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍ഡിഎ പ്രവേശം നടത്തിയതിനെയും ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെയും എതിര്‍ത്തു സി .എം ഇബ്രാഹിം രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ ജെഡിഎസ് താനാണെന്നും ബിജെപി ബാന്ധവം എച്ച് .ഡി കുമാരസ്വാമിയുടെ വ്യക്തിപരമായ കാര്യമാണെന്നുമായിരുന്നു ഇബ്രാഹിമിൻ്റെ നിലപാട്. ഇതിൻ്റെ അവസാനമായി ഇപ്പോൾ അധ്യക്ഷനെ പുറത്താക്കിയതായി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൌഡ അറിയിക്കുകയായിരുന്നു

ജെഡിഎസ് ബിജെപിയുമായി കൈകോർക്കാൻ തീരുമാനിച്ചതിനു പിന്നാലെ കർണാടക മുൻ മുഖ്യമന്ത്രിയും ജെ ഡിഎസിൻ്റെ മുതിർന്ന നേതാവുമായ എച്ച് ഡി കുമാരസ്വാമിയെയും മകൻ നിഖിൽ കുമാരസ്വാമിയെയും പാർട്ടിയിൽ നിന്ന് പുറത്തക്കിയതായി പറയുന്ന സി എം ഇബ്രാഹിമിൻ്റെ ലെറ്റർ ഹെഡിൽ പുറത്തിറങ്ങിയ കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി വലിയതോതിൽ പ്രചരിക്കപ്പെട്ടിരുന്നു. കത്ത് വ്യാജമാണെന്നും തന്റെ പ്രതിച്ഛായ തകർക്കാൻ ആരോ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതാണെന്നും ആരോപിച്ച് ഇബ്രാഹിം തന്നെ കഴിഞ്ഞ ദിവസം പൊലീസിന് പരാതി നൽകിയിരുന്നു.

എന്‍ ഡി എ പ്രവേശം സി എം ഇബ്രാഹിമിനോട് കൂടി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണെന്ന മുഖവുരയോടെയാണ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും അധ്യക്ഷ പദവിയില്‍ നിന്നും സി എം ഇബ്രാഹിമിനെ നീക്കിയതായും അധ്യക്ഷന്റെ ചുമതല താത്കാലികമായി കുമാരസ്വാമിക്ക് നല്‍കുന്നതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നര വര്‍ഷം മുന്‍പായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി എം ഇബ്രാഹിം ജെഡിഎസില്‍ ചേര്‍ന്നത്. കര്‍ണാടക ലെജിസ്‌ളേറ്റിവ് കൗണ്‍സില്‍ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയുള്ള രാജി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ജെഡിഎസ് അദ്ദേഹത്തിന് സംസ്ഥാന അധ്യക്ഷ പദം നല്‍കുകയുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി രുചിച്ചതോടെ ഉത്തരവാദിത്തം ഏറ്റെടുത്തു സി എം ഇബ്രാഹിം രാജി സമര്‍പ്പിച്ചിരുന്നെങ്കിലും നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.

19 എംഎല്‍എ മാരില്‍ ആരും ഇതുവരെ ഇബ്രാഹിമിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല . ചില ജില്ലാ നേതാക്കളും ഭാരവാഹികളും ഇബ്രാഹിമിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുണ്ട് . ജെഡിഎസിനെ പിളര്‍ത്തുമോ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന കാര്യത്തില്‍ സി എം ഇബ്രാഹിം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല . കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സി എം ഇബ്രാഹിം 1978 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് . ഗുജ്‌റാള്‍ മന്ത്രിസഭയിലും ദേവഗൗഡ മന്ത്രിസഭയിലും അംഗമായിരുന്നു .

CM Ibrahim expelled as Karnataka JDS president, announces party chief HD Deve Gowda

More Stories from this section

family-dental
witywide