പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പല കാര്യങ്ങളിലും വ്യക്തത വരും; വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പല കാര്യങ്ങളിലും വ്യക്തത വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസനത്തിലൂന്നിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം മുഴുവന്‍. യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാണിക്കുകയും ചെയ്‌തെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ പേര് ഒരിക്കല്‍ പോലും മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.

പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്ഥിതി എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും. വികസനം നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന് നിരാശയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് വികസനങ്ങള്‍ നടന്നില്ല. നാഷണല്‍ ഹൈവേ അടക്കം മുന്നോട്ടുപോയില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടമണ്‍ കൊച്ചി ഹൈവേ യാഥാര്‍ത്ഥ്യമാക്കി. വികസന കാര്യത്തില്‍ നാട് ഒരുപാട് മുന്നോട്ടു പോയി.

മാസപ്പടി വിവാദത്തിലടക്കം തനിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും ഒരു തരത്തിലുള്ള പരാമര്‍ശവും മുഖ്യന്ത്രിയില്‍ നിന്നുണ്ടായില്ല. വിമര്‍ശനങ്ങള്‍ അതിന്റെ വഴിക്ക് നീങ്ങും. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. നാടിന് വിവാദ വ്യവസായമല്ല ആവശ്യം, നാടിനെ മുന്നോട്ട് നയിക്കാനുള്ള വികസനമാണ് ആവശ്യം. എന്നാല്‍ ഇവിടെ വിമര്‍ശനത്തിന്റെ പേരില്‍ നശീകരണ ബുദ്ധിയാണെന്നും പ്രസംഗത്തിനിടെ അദ്ദേഹം പറയുകയുമുണ്ടായി.

More Stories from this section

family-dental
witywide