കേരള ഗവർണർ ബില്ലുകൾ അനാവശ്യമായി പിടിച്ചു വയ്ക്കുന്നു; സർക്കാർ സുപ്രീം കോടതിയിലേക്ക്, നടപടി സ്വാഗതം ചെയ്യുന്നെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ദീര്‍ഘകാലം അംഗീകാരം നല്‍കാതെ പിടിച്ചുവയ്ക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ദീര്‍ഘകാലം അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ പിടിച്ചുവയ്ക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നു എന്നു തോന്നിയാല്‍ ആ വികാരത്തെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയ്ക്കു വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസാക്കപ്പെട്ട ബില്ലില്‍ ഉണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പെടുത്തുവാനും ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്ന എതെങ്കിലും വകുപ്പ് പാസാക്കപ്പെട്ട ബില്ലില്‍ ഉണ്ടെങ്കില്‍ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുവാനും ഗവര്‍ണര്‍ക്ക് ഭരണഘടനപരമായ അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പക്ഷേ ഇതൊന്നും ഇല്ലാത്ത സാധാരണ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കാലതാമസമുണ്ടാകുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. നിലവില്‍ തെലുങ്കാന, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. തെലുങ്കാന സര്‍ക്കാര്‍ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. ഈ വിഷത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തനിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോടതിയിൽ പോകുമ്പോൾ സർക്കാരിന് ആശയക്കുഴപ്പം മാറും.

“സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ നിയമോപദേശത്തിനായി ചിലവഴിച്ചത് 40 ലക്ഷം രൂപയാണ്. 40 ലക്ഷം രൂപ ചിലവഴിച്ചതിൽ ആർക്കാണ് ഗുണമുണ്ടായത്. ജീവനക്കാർക്ക് ശമ്പളം നല്കാൻ പോലും പണമില്ലാതിരിക്കെയാണ് ഇത്രയും ചിലവഴിച്ചത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല ഞാൻ. സർക്കാരിന് നിയമനടപടി സ്വീകരിക്കാം,” -ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide