മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ആരോപണം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെടെയുള്ളവർ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റി എന്ന ആരോപണത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. അഖില്‍ വിജയ് ആണ് അമിക്കസ് ക്യൂറി. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് നടക്കുന്നതിനിടെ അയാൾ അന്തരിച്ചു.

അയാൾ സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റ് യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.

എന്നാൽ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്ന വാദമാണ് ഹര്‍ജിക്കാരൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

ആദായനികുതി വകുപ്പിന്‌റെ ഇന്‌ററിം സെറ്റില്‍മെൻ്റ് ബോർഡ് ഉത്തരവിന്‌റെ അടിസ്ഥാനത്തിലായിരുന്നു ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകൾ വീണയും അവരുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്‌ററിം സെറ്റില്‍മെന്‌റ് രേഖകളിലുള്ളത്. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമർപ്പിക്കാൻ ജസ്റ്റിസ് കെ ബാബു നിർദേശിച്ചു.

CMRL bribe case: high court appoints Amicus Curiae

More Stories from this section

family-dental
witywide