
തൊടുപുഴ: നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണുമരിച്ചു. അടിമാലിയില്‍ നവകേരള സദസില്‍ പരാതി നല്‍കാന്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശി ഗണേശനാണ് മരിച്ചത്. വീണയുടന്‍ തന്നെ ഗണേശനെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം, സ്വന്തം ഭൂമിയില്‍ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന ഇടുക്കിയിലെ മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീര്‍ണ്ണമായ ഭൂമി പ്രശ്നത്തെ ഏറ്റവും അനുഭാവപൂര്‍വ്വം അഭിസംബോധന ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനാണ് കഴിഞ്ഞ സെപ്തംബര്‍ 14ന് 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്. ഇടുക്കിയുടെ മണ്ണിലേക്ക് നവകേരള സദസുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തുന്നത് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.