കരുത്തിൻ്റെ 100 വിഎസ് വർഷങ്ങൾ

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും ശക്തനായ നേതാവ് വി.എസ്.അച്യുതാനന്ദന് ഇന്ന് 100 വയസ്സ്. തിരുവനന്തപുരത്ത് വസതിയില്‍ മകനോടൊപ്പം വിശ്രമ ജീവിതത്തിലാണ് വി.എസ്.അച്യുതാനന്ദന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ച വി.എസ് എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ്. ആവേശത്തോടെ മാത്രമെ വിഎസ് എന്ന രണ്ട് അക്ഷരത്തെ കേരളത്തിന് ഓര്‍ക്കാനാകു. മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ്.അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വി.എസ്.അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി.എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ച പങ്ക് അനിഷേധ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സമൂഹ്യ രംഗങ്ങളിലുള്ള പ്രമുഖരും വി.എസ്.അച്യുതാനന്ദന് ആശംസകള്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് വലിയ ആഘോഷങ്ങള്‍ പിറന്നാളിനോട് അനുബന്ധിച്ച് ഇത്തവണയില്ല. കുടുംബാംഗങ്ങള്‍ ഒത്തുകൂടും. അതേസമയം വി.എസിന്റെ 100-ാം പിറന്നാള്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും ആഘോഷമാണ്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വലിയൊരു അദ്ധ്യായമാണ്  വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്.അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം തന്നെ സമരമാക്കിയ നേതാവാണ് വി.എസ്. ജനനായകന്‍. സ്വാതന്ത്ര്യസമര കാലം മുതല്‍ തുടങ്ങിയ പോരാട്ടം. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട നേതാവ്, ജനഹൃദയങ്ങളിലെ ആവേശ തുടിപ്പ്. വി.എസ് എന്നത് പേരല്ല ഒരു ആശയമായി ജനങ്ങള്‍ കണക്കാക്കുന്നു. 1964ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ അന്ന് ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയ നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് വി.എസ് മാത്രമാണ്. പിന്നീട് സിപിഎം രൂപീകരണത്തിലും അതിന് ശേഷമുള്ള പാര്‍ടിയുടെ മുന്നേറ്റത്തിലും ആവേശമായി വി.എസ് നിലകൊണ്ടു. 20-ാം വയസ്സിലും 100 വയസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി ജീവിക്കുന്ന വി.എസ്.

കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് വി.എസ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കുട്ടനാട്ടിലേക്ക് വി.എസിനെ അയക്കുന്നത് കൃഷ്ണപിള്ളയായിരുന്നു. തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് മനസ്സിലാകുന്ന ശൈലിയിലായിരുന്നു വി.എസ് സംസാരിച്ചത്. പിന്നീട് പാര്‍ടിയിലും അധികാരത്തിലും ഉന്നതശ്രേണിയില്‍ എത്തിയപ്പോഴും വി.എസ് ആ ശൈലി ഉപേക്ഷിച്ചില്ല. അതുപോലെ തന്നെയാണ് വി.എസ് എന്ന രാഷ്ട്രീയ നേതാവും. എണ്‍പത് വര്‍ഷത്തിലധികം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നേതാവായിരുന്നു വി.എസ്. അധികാരത്തില്‍ ഉള്ളപ്പോഴും പ്രതിപക്ഷത്തായപ്പോഴും ജനങ്ങളുടെ പക്ഷത്ത് നിന്ന നേതാവ്. പലപ്പോഴും വി.എസിന്റെ ആ നിലപാട് പാര്‍ടിയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ഘട്ടങ്ങളില്‍ പാര്‍ടിക്കുള്ളില്‍ തന്നെ ഒറ്റയാന്‍ പോരാളിയായി വി.എസ്. അങ്ങനെ ജീവിതം തന്നെ സമരമാക്കിയ പോരാട്ടമാക്കിയ ചരിത്ര പുരുഷനാണ് വി.എസ്. 

Communist leader VS Achuthanandans 100th birthday today

More Stories from this section

family-dental
witywide