തിരുവനന്തപുരം: പ്രവര്‍ത്തക സമിതിയിലേക്ക് താന്‍ എത്തപ്പെട്ടത് ആരുടെയും ഔദാര്യമല്ലെന്ന് ശശി തരൂര്‍ എംപി. തനിക്ക് പ്രവര്‍ത്തക സമിതി അംഗത്വം തന്നത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ്. സതീശന്റെ ബലൂണ്‍ പ്രയോഗം തല്‍ക്കാലം മറക്കുന്നുവെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് തുടര്‍ന്നും മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസിയിലേക്ക് തന്നെ ക്ഷണിച്ചത് കെ സുധാകരനാണ്. 2009ല്‍ തിരുവനന്തപുരത്ത് എത്തിയ തനിക്ക് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിന് പ്രവര്‍ത്തകരുടെ പിന്തുണയും തരൂര്‍ അഭ്യര്‍ഥിച്ചു.
വിയോജിപ്പ് രേഖപ്പെടുത്തിയാല്‍ വിമതനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായ അദേഹം പറഞ്ഞു. വിമതനായി ചിത്രീകരിച്ചവര്‍ക്കുള്ള സന്ദേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗത്വമെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ പാര്‍ട്ടിയെ ചതിച്ചിട്ടില്ല. വിയോജിപ്പുകളെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിയും.
ഇന്ത്യ മുന്നണിയില്‍ മുഖത്തിനേക്കാള്‍ പ്രധാനം ജനങ്ങളുടെ വിഷയങ്ങള്‍ക്കാണ്. പാര്‍ട്ടിയില്‍ നിന്ന് പോയവരെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ പി ജി സുരേഷ്‌കുമാറുമായുള്ള പ്രത്യേക അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു. ഒരിക്കല്‍ എതിര്‍ത്തവരാണ് ഇന്ന് സ്വീകരിക്കുന്നത്. പുതുപ്പള്ളിയിലും തിരുവനന്തപുരത്തും അത് കണ്ടു. കഴിഞ്ഞത് കഴിഞ്ഞു, ഇനി എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും ശശി തരൂര്‍ പറഞ്ഞു.