ഭാരത് ജോഡോയുടെ രണ്ടാം ഘട്ടം വേണമെന്ന് രാഹുലിനോട് പ്രവര്‍ത്തക സമിതി; അന്തിമ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം, ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കം, എംപിമാരുടെ സസ്പെന്‍ഷന്‍, രാഷ്ട്രീയ സാഹചര്യം എന്നീ വിഷയങ്ങളെല്ലാം പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രധാന ചര്‍ച്ചയായി. നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വി നിരാശ നല്‍കിയെങ്കിലും വോട്ട് ശതമാനം നോക്കിയാല്‍ പാര്‍ട്ടി ശക്തമാണെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

തോല്‍വി സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പ്രവര്‍ത്തകരുടെ ആവേശം തകര്‍ക്കാതിരിക്കാനുള്ള നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് ശ്രദ്ധ തിരിക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ആശങ്കയില്ലെന്നും ആത്മവിശ്വാസത്തോടെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും യോഗം ഐക്യകണ്‌ഠേനെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് ഉടന്‍ കടക്കാനും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി.

അതേസമയം ഭാരത് ജോഡോ യാത്ര 2 വേണമെന്ന് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കുമിടയില്‍ നടക്കുമെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാല്‍നടയായും വാഹനങ്ങളില്‍ സഞ്ചരിച്ചും ആളുകള്‍ക്ക് യാത്രയുടെ ഭാഗമാകാന്‍ കഴിയുന്ന രീതിയില്‍ വൈവിധ്യമായാകും ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം നടത്തുക.

ആദ്യഘട്ടം തെക്കുനിന്ന് വടക്കോട്ടായിരുന്നതിനാല്‍, രണ്ടാംഘട്ട യാത്ര കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ആക്കാമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. 2022 സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം തുടങ്ങിയത്. ഏകദേശം 4,080 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് 2023 ജനുവരിയില്‍ ജമ്മു കശ്മീരിലെ ശ്രീനഗറിലായിരുന്നു സമാപനം. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ കടന്നുപോയ യാത്ര, ഇന്ത്യയിലെ ഏറ്റവും ദൂരം പിന്നിട്ട പദയാത്രയാണ്.