ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് പരിഗണിച്ചത്. കേസ് പരിഗണിച്ച ഉടന്‍ സിബിഐക്ക് വേണ്ടി കോടതിയിലെത്തിയ അഭിഭാഷകന്‍ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസില്‍ ഹാജരാകേണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു മറ്റൊരു കേസില്‍ തിരക്കിലായതിനാല്‍ കേസ് മാറ്റണമെന്നായിരുന്നു ആവശ്യം. ഇതോടെ കേസ് വീണ്ടും സുപ്രീംകോടതി മാറ്റിവെച്ചു. ഇത് 34-ാമത്തെ തവണയാണ് ലാവ് ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെക്കുന്നത്.
2017ല്‍ സുപ്രീംകോടതിയിലെത്തിയ ലാവലിന്‍ കേസില്‍ മൂന്ന് തവണ ബെഞ്ചുകള്‍ മാറി. ഒടുവില്‍ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ എത്തിയപ്പോഴും പതിവ് തെറ്റിയില്ല. സിബിഐ ആവശ്യം അംഗീകരിച്ച് കേസ് മാറ്റിവെച്ചു.
കേരളത്തിലെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന് കരാര്‍ നല്‍കിയതിലൂടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. ഇതില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയനും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തി. അതേസമയം ഈ വാദങ്ങള്‍ തെളിയിക്കാന്‍ സിബിഐക്ക് കേരള ഹൈക്കോടതിയില്‍ സാധിച്ചില്ല. പിന്നീട് കേരള ഹൈക്കോടതി പിണായി വിജയനെയും അന്നത്തെ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, ജോ. സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി. അതേസമയം കേസിലെ മറ്റ് പ്രതികളായിരുന്ന വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവര്‍ വിചാരണ നേരിടണം എന്നും ഹൈക്കോടതി വിധിച്ചു.
ഇത് വിവേചനമെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്. പ്രധാന ഹര്‍ജിക്കാര്‍ സിബിഐ ആയതുകൊണ്ട് കേസില്‍ വാദം തുടങ്ങേണ്ടത് സിബിഐ ആണ്.
പക്ഷെ, ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും കേസ് മാറ്റിവെക്കണമെന്ന ആവശ്യമാണ് സിബിഐ ഉന്നയിക്കുന്നത്. അത് അംഗീകരിച്ച് സുപ്രീംകോടതി കേസ് മാറ്റിവെക്കുന്നു. അങ്ങനെ 34-ാം തവണയും സുപ്രീംകോടതി കേസ് മാറ്റി. ഹൈക്കോടതി വിശദമായ പരിശോധിച്ച വിധി പറഞ്ഞ കേസില്‍ ശക്തമായ തെളിവുകളുമായി സിബിഐ വരണമെന്ന് മുമ്പ് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി.രമണ വ്യക്തമാക്കിയിരുന്നു. പറയാനുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി എഴുതി നല്‍കണമെന്നും സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. അതുപോലും ഇതുവരെ സിബിഐ നല്‍കിയിട്ടില്ല.
Considering the inconvenience of the CBI the Supreme Court adjourned lavalin case