മുംബൈ: സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേര്‍ക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ചില സഹകരണ സംഘങ്ങള്‍ ബാങ്കിങ് റെഗുലേഷന്‍ നിയമം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ നിര്‍ദേശം. ഇന്നത്തെ പ്രമുഖ ദിനപത്രങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പും ആര്‍ബിഐ നല്‍കിയിട്ടുണ്ട്.
വ്യവസ്ഥകള്‍ ലംഘിച്ച്, ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍ അല്ലാത്തവരില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ബിആര്‍ ആക്ട്, 1949 പ്രകാരം ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തുന്നത് കരുതലോടെ വേണമെന്നാണ് മുന്നറിയിപ്പ്.
അംഗീകാരമില്ലാത്ത സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ല. സഹകരണ സംഘങ്ങള്‍, ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണങ്കില്‍ ജാഗ്രത പാലിക്കാനും, ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ആര്‍ബിഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്നുറപ്പാക്കാനും പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ആര്‍ബിഐ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
cooperative societies should not use the term cooperative bank directs RBI