തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നിയമനത്തിനായി മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതി ഉയര്‍ന്നത്. സെപ്റ്റംബര്‍ 10ന് ഉച്ചക്ക് 2 മണിക്ക് ശേഷം മന്ത്രിയുടെ ഓഫീസിന് പുറത്തെ ഓട്ടോ സ്റ്റാന്റിന് അടുത്തുവെച്ച് പണം നല്‍കിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനായി മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി സെപ്റ്റംബര്‍ 23ന് (ഈമാസം) പൊലീസിന് കൈമാറിയതായും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയേ പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പൊലീസിന് കൈമാറിയെന്ന് മന്ത്രി വീണ ജോര്‍ജ് തന്നെ പറഞ്ഞ പരാതി എവിടെ പോയി എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
പക്ഷെ, അതുമാത്രമല്ല ഇപ്പോഴത്തെ രസകരമായ സംഭവം. മന്ത്രിയുടെ പേഴ്സണ്‍ സ്റ്റാഫിനെതിരെ പരാതി നല്‍കിയ മലപ്പുറം സ്വദേശി ഹരിദാസനെതിരെ പൊലീസിന്റെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരാതിക്കാരനാകട്ടെ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പേഴ്സണ്‍ സ്റ്റാഫ് അഖില്‍ മാത്യു.
പേഴ്സണ്‍ സ്റ്റാഫിന് കോഴ നല്‍കിയെന്ന പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഖില്‍ മാത്യു ഈമെയില്‍ വഴിയാണ് പൊലീസിന് പരാതി നല്‍കിയത്. ഉടന്‍ തന്നെ പൊലീസ് അഖില്‍ മാത്യുവിന്റെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ, കോഴ നല്‍കിയെന്ന് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്ന പരാതിയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.
സെപ്റ്റംബര്‍ 10ന് ഉച്ചക്ക് ശേഷം കോഴ നല്‍കിയെന്ന പരാതിക്കാരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അഖില്‍ മാത്യുവും ആരോഗ്യമന്ത്രിയുടെ ഓഫീസും ഇപ്പോള്‍ പറയുന്നത്. കാരണം പരാതിക്കാരന്‍ പറയുന്ന സമയത്ത് അഖില്‍ മാത്യു മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നില്ലത്രേ. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് പുറത്തുവിടുകയാണ്.
ഏതായാലും മന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണമില്ല, മന്ത്രിയുടെ പേഴ്സണ്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ മാത്രം അന്വേഷണം. സംഭവത്തില്‍ ആരോഗ്യ മന്ത്രി ഒളിച്ചുകളിക്കുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പൊലീസിന് കൈമാറി എന്ന് മന്ത്രി തന്നെ പറഞ്ഞ മലപ്പുറം സ്വദേശിയുടെ പരാതി എവിടെയാണെന്നതിലും വ്യക്തതയില്ല. ഏതായാലും എന്തൊക്കയോ ചീഞ്ഞുനാറുന്നു എന്നതില്‍ സംശയമില്ല.
Corruption allegation against Health Minister Veena Georges personal staff