തൃശൂർ: മണിപ്പൂർ വംശീയ ഉന്മൂലനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് എഴുത്തുകാരിയും ബുക്കർപ്രൈസ് ജേതാവുമായ അരുന്ധതി റോയ്. കേന്ദ്രം ഇതിന് കൂട്ടുനിൽക്കുകയും സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുകയും സുരക്ഷാസേന വിഭജിക്കുകയും ചെയ്തിരിക്കുന്നുവെന്ന് അരുന്ധതി റോയ് കുറ്റപ്പെടുത്തി. തൃശൂരിൽ നവമലയാളി സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അരുന്ധതി റോയ്.
രാജ്യം ഇപ്പോൾ മറ്റൊരു ഘട്ടത്തിലാണ് നിൽക്കുന്നത്. കേരളം താരതമ്യേന രാഷ്ട്രീയ സാക്ഷരതയുള്ള ഒരു നാടായതുകൊണ്ട് കേരളത്തിൽ നിൽക്കുമ്പോൾ അത് മനസിലാക്കാൻ കഴിയണമെന്നില്ലെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ വളരെ അപകടം പിടിച്ച ഒരു സ്ഥിതിയിലേക്കാണ് നീങ്ങിയിരിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
“അക്രമത്തിനുള്ള ഒരു ഉപകരണമായാണ് ബലാത്സംഗത്തെ ഉപയോഗിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളെ സ്ത്രീകൾ തന്നെ ന്യായീകരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ന് നമ്മൾ. മറ്റുസ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സ്ത്രീകൾ തന്നെ പുരുഷന്മാരോട് പറയുന്നു. ആര് ആരെ ബലാത്സംഗം ചെയ്യുന്നു എന്നതിനപ്പുറത്തേക്ക് സ്ത്രീകൾ സമുദായത്തിന് വേണ്ടി നിലകൊള്ളുന്നു. മണിപ്പൂരിൽ മാത്രമല്ല ഇങ്ങനെ. അവർക്ക് മനോവിഭ്രാന്തിയായിക്കഴിഞ്ഞു. ബലാത്സംഗം ചെയ്യാനായി പൊലീസ് തന്നെ സ്ത്രീകളെ ആൾക്കൂട്ടത്തിന് എറിഞ്ഞുകൊടുക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.”
സ്ത്രീകളെ നഗ്നരായി തെരുവിലൂടെ നടത്തി ബലാത്സംഗം ചെയ്യുന്ന ഒരുതരം യുദ്ധം രാജ്യത്ത് അരങ്ങേറിയപ്പോൾ, മുസ്ലീങ്ങൾ ജീവനുവേണ്ടി പലായനം ചെയ്യുമ്പോൾ, പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നു “എനിക്കിന്ന് അത്താഴത്തിന് അപ്പമാണ്,” അരുന്ധതി റോയ് വിമർശിച്ചു.
രാഷ്ട്രീയബോധം കൊണ്ടും വൈജ്ഞാനിക വളർച്ച കൊണ്ടും അദ്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന കേരളത്തിനു കൂടുതൽ ചുമതലകളുണ്ടെന്ന് അരുന്ധതി റോയ് ഓർമിപ്പിച്ചു. മണിപ്പൂരിലേക്കു കേരളം പഠനസംഘത്തെ അയയ്ക്കണം. സഹായങ്ങൾ എത്തിക്കണം. ചുമതലകൾ നിറവേറ്റിയില്ലെങ്കിൽ വരും തലമുറയുടെ മുന്നിൽ കേരളീയർ ലജ്ജിക്കേണ്ടി വരുമെന്നും അരുന്ധതി റോയ് പറഞ്ഞു.