ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റവര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ഈ മാസം 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസ് കടന്നുപോകുന്നതിനിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്ന ഗണ്‍മാനും സുരക്ഷാ ജീവനക്കാരും ക്രൂരമായി തല്ലിച്ചതച്ചിരുന്നു. അംഗപരിമിതിയുള്ള പ്രവര്‍ത്തകനെ അടക്കം മര്‍ദ്ദിച്ചു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുനിര്‍ത്തിയപ്പോഴാണ് സുരക്ഷാ വാഹനത്തില്‍ വന്ന് ഗണ്‍മാനും സുരക്ഷാ ജീവനക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകുകയായിരുന്നു.