കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് ഇരുപത് രൂപ വാങ്ങി; പിഴ വിധിച്ച് കോടതി

ബെംഗളൂരു: കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് ഇരുപത് രൂപ ഈടാക്കിയതിന് പിഴ വിധിച്ച് കോടതി. പേപ്പര്‍ ക്യാരി ബാഗിനായി ഉപഭോക്താവില്‍ നിന്ന് പണം ഈടാക്കിയ സ്വീഡിഷ് സ്ഥാപനത്തോടാണ് കോടതി പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയായ സംഗീത ബൊഹ്റയെന്ന യുവതിക്ക് 3000 രൂപ നല്‍കാനും ബെംഗളൂരു ഉപഭോക്തൃകോടതി ഉത്തരവിട്ടു.

കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് 20 രൂപയാണ് ബെംഗളൂരുവിലെ ഐകിയയുടെ ഷോറൂമില്‍ നിന്ന് സംഗീതയോട് വാങ്ങിയത്. സ്വീഡിഷ് ഫര്‍ണിച്ചര്‍ സ്ഥാപനമായ ഐകിയയില്‍ യുവതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷോപ്പിങിനായി എത്തിയത്. വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ക്യാരി ബാഗിന് 20 രൂപ ചാര്‍ജ് ഈടാക്കി. ബാഗില്‍ കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു. ലോഗോ ഉള്ള ബാഗിന് പണം വാങ്ങിയത് യുവതി ചോദ്യം ചെയ്തു.

വാങ്ങിയ സാധനങ്ങള്‍ക്ക് 2,428 രൂപയായി. അതിനൊപ്പം ഐകിയയുടെ ലോഗോ പതിച്ച ക്യാരി ബാഗിന് 20 രൂപ ഈടാക്കിയത് കണ്ടപ്പോള്‍ ബ്രാന്‍ഡിംഗ്. ചാര്‍ജിനെക്കുറിച്ച് അവര്‍ ജീവനക്കാരോട് ചോദിക്കുകയും ഉപഭോക്താക്കള്‍ക്ക് ബാഗുകള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ചാര്‍ജ് ഒഴിവാക്കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചു. പിന്നീട് ബാഗ് വാങ്ങുകയല്ലാതെ ബൊഹ്റയ്ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ഒക്ടോബര്‍ 17-ന് സംഗീത ബൊഹ്റ കമ്പനിക്ക് ഒരു വക്കീല്‍ നോട്ടീസ് അയച്ചു.

മറുപടിയായി, ഉപഭോക്താക്കള്‍ക്ക് അവരുടെ ലോഗോ ഉള്ള ബാഗുകള്‍ നല്‍കുന്നതിന് പണം ഈടാക്കുന്നതില്‍ അന്യായമില്ലെന്ന് കമ്പനി അവകാശപ്പെടുകയും റീഫണ്ട് നിഷേധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബൊഹ്റ 2023 മാര്‍ച്ചില്‍ ബെംഗളൂരു അര്‍ബന്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കണ്‍സ്യൂമര്‍ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഐകിയ ഇന്ത്യയ്ക്കെതിരെ പരാതി നല്‍കി. തുടര്‍ന്നാണ് യുവതിക്ക് അനുകൂലമായ കോടതി വിധി പുറപ്പെടുവിച്ചത്. മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ കോടതി രൂക്ഷമായി പ്രതികരിക്കുകയും നഷ്ടപരിഹാരമായി 3000 രൂപ നല്‍കാനും ആവശ്യപ്പെടുകയും ചെയ്തു.