തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ സംസ്ഥാനത്ത് സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടല്‍. ആഘോഷവേളകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദിനം പ്രതി കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസണ്‍ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ ഇനിയും വര്‍ധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എന്‍ വണ്ണും ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
വളരെ വേഗം പടരുന്ന വകഭേദങ്ങളായ ഇവ ശ്വാസകോശത്തെയാണ് ബാധിക്കുക. ഇതിനോടകം ആശുപത്രികളില്‍ ഓക്‌സിജന്‍ സംവിധാനം അടക്കം സജ്ജമാക്കിയിട്ടുണ്ട്. ഐസൊലേഷന്‍ ബെഡ് ഐസിയു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്.